ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നുവെന്ന വാര്‍ത്തയെ തള്ളി ജനറല്‍ സെക്രട്ടറി; തെരഞ്ഞെടുപ്പ് പ്ലീനത്തിന്റെ അജണ്ടയില്‍ ഇല്ല; അനുമാനം പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഐ എം ധാരണയുണ്ടാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം കാര്യങ്ങള്‍ സംഘടനാ പ്ലീനത്തിന്റെ അജണ്ടയില്‍ ഇല്ലാത്ത കാര്യമാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. പ്ലീനത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

‘തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു ചര്‍ച്ചയും സിപിഐഎം തുടങ്ങിയിട്ടില്ല. ഇത്തരം ചര്‍ച്ച പ്ലീനത്തിന് ശേഷം മാത്രമേ തുടങ്ങുകയുള്ളൂ. ഓരോ സംസ്ഥാന ഘടകത്തിനും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനിക്കാം. പക്ഷേ അത് വിശാഖപട്ടണം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.’ – സീതാറാം യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐ എം ഒരുങ്ങുകയാണോ എന്ന ചോദ്യത്തെക്കുറിച്ച് യെച്ചൂരി ഇങ്ങനെ പറഞ്ഞു. ‘പ്രസംഗങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് അനുമാനങ്ങളില്‍ എത്താന്‍ സ്വാതന്ത്യമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ നിങ്ങളുടെ അനുമാനം പാര്‍ടിക്കുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല.”

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഞായറാഴ്ച അണിനിരന്ന ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത നേതാക്കള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും സംസ്ഥാനത്തെ തൃണമൂല്‍ സര്‍ക്കാരിനെയും രൂക്ഷമായാണ് നേതാക്കള്‍ വിമര്‍ശിച്ചത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളെ നേതാക്കള്‍ കടന്നാക്രമിച്ചു.

പുറത്തേക്ക് ശത്രുത നടിക്കുന്ന മോഡിയും ദീദിയും ശാരദ ചിട്ടി കുംഭകോണം ഉള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ പരസ്പരം സഹകരിക്കുകയാണെന്നും നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് അവരെ കടന്നാക്രമിക്കാത്തത് എന്ന രീതിയില്‍ ആയിരുന്നു മാധ്യമ വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് സിപിഐഎം ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യത്തില്‍ നേരിട്ട് വ്യക്തത വരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here