സാഫ് കപ്പ്; മാലദ്വീപിനെ തൂത്തെറിഞ്ഞ് അഫ്ഗാനിസ്താന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍; ഇന്ത്യക്ക് മാലദ്വീപ് എതിരാളികള്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ മാലദ്വീപിനെ തൂത്തെറിഞ്ഞ് അഫ്ഗാനിസ്താന്‍ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് മാലദ്വീപിനെ അഫ്ഗാന്‍ തോല്‍പിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്താന്‍ സെമിഫൈനലില്‍ കടന്നത്. സ്‌ട്രൈക്കര്‍ പോപല്‍സെയുടെ ഇരട്ട ഗോളുകളാണ് അഫ്ഗാന് തകര്‍പ്പന്‍ ജയം ഒരുക്കിയത്. ഫയ്‌സലും ഹാറ്റിഫിയും ഓരോ ഗോളുകള്‍ നേടി. അലിയാണ് മാലദ്വീപിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന ശേഷമാണ് അഫ്ഗാന്‍ രണ്ടു ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ചാമ്പ്യന്‍മാരായി ഇന്ത്യ നേരത്തെ സെമിയില്‍ കടന്നിരുന്നു.

കളി തുടങ്ങി അധികം വൈകാതെ ആദ്യം മുന്നിലെത്തിയത് അഫ്ഗാനിസ്താനായിരുന്നു. നായകന്‍ ഫയ്‌സലിലൂടെ അഫ്ഗാന്‍ ലീഡ് നേടി. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് മാലദ്വീപ് അലിയിലൂടെ സമനില നേടി. എന്നാല്‍, ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ അഫ്ഗാന്‍ ലീഡുയര്‍ത്തി. മനോഹരമായ ഒരു ഫ്രീകിക്കിലൂടെ പോപല്‍സെയാണ് അഫ്ഗാന് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ അഫ്ഗാന്‍ ഒരിക്കല്‍ കൂടി മാലദ്വീപിന്റെ വല കുലുക്കി. സുന്ദരമായ ഒരു ഹാഫ് വോളിയിലൂടെ ഹാറ്റിഫിയാണ് ഗോള്‍ നേടിയത്. തന്റെ ഡബിള്‍ തികച്ച ഗോളിലൂടെ പോപല്‍സെ മാലദ്വീപിന്റെ പെട്ടിയില്‍ അവസാനത്തെ ആണിയും തറച്ചു.

31ന് നടക്കുന്ന സെമിഫൈനലില്‍ ഇന്ത്യക്ക് മാലദ്വീപാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ ഗ്രൂപ്പ് എയില്‍ നിന്ന് സെമിഫൈനലിലെത്തിയത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് മാലദ്വീപിന്റെ സെമിപ്രവേശം. രണ്ടാം സെമിയില്‍ അഫ്ഗാനിസ്താന് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയാണ് എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here