കൊല്‍ക്കത്ത: വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനുള്ള സംഘടനാ പ്രമേയം സിപിഐഎം പ്ലീനത്തില്‍ അവതരിപ്പിച്ചു. ബഹുജനപ്രക്ഷോഭത്തിലൂടെ പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും ഇടത് ഐക്യവും ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് കരട് പ്രമേയം.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രമേയത്തിന്മേലും പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലും ചര്‍ച്ച തുടങ്ങി. ചര്‍ച്ച മറ്റന്നാള്‍ വരെ തുടരും. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് പ്ലീനത്തില്‍ നടക്കുന്നത്.
വര്‍ഗ്ഗീയതയും പുത്തന്‍ സാമ്പത്തിക നയങ്ങളും രാജ്യത്ത് സൃഷ്ടിച്ച അസമത്വങ്ങളാണ് പുതിയ കാലഘട്ടം നേരിടുന്ന വെല്ലുവിളിയെന്ന് പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയം ചൂണ്ടിക്കാട്ടുന്നു. കടുത്ത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വലിയ വിഭാഗം ജനങ്ങളുടെ രാഷ്ടീയ പാര്‍ട്ടിയായി സിപിഐഎം മാറണം. അങ്ങേയറ്റത്തെ അസഹിഷ്ണുത നിറഞ്ഞു നില്ക്കുന്ന ഫാസിസ്റ്റ് ഹിന്ദു രാഷട്രം നിര്‍മ്മിക്കാനാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമമെന്നും സംഘടനാ പ്രമേയത്തില്‍ പറയുന്നു.
രാജ്യത്തിന്റെ മതേതരത്വവും വൈവിദ്ധ്യവും നിലനിര്‍ത്താന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണ്. ന്യനപക്ഷങ്ങള്‍, ദളിത് ആദിവാസി വിഭാഗങ്ങള്‍, ഭിന്ന ശേഷിക്കാര്‍ തുടങ്ങിയവരോടുള്ള വിവേചനം, ലിംഗ അസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഏറ്റെടുത്തു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ഗ്ഗം, വിദ്യാര്‍ത്ഥികള്‍, യൂവജനങ്ങള്‍ എന്നിവരെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ ആവശ്യമായ ഇടപെടലുകള്‍ വേണം. കലാസാസ്കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തും സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന കാവി വത്കരണം പാര്‍ട്ടി ജാഗ്രതയോടെ കാണണം. ഇതിനായി ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ രീതികള്‍ കൂടി പരീക്ഷിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ തീരുമാനങ്ങള്‍ പ്ലീനം കൈക്കൊള്ളും.
പ്ലീനത്തില്‍ ആദ്യ ദിവസത്തെ ചര്‍ച്ച പൂര്‍ത്തിയായി. കേരളത്തില്‍നിന്ന് പി രാജീവ് ആണ് ആദ്യം ചര്‍ച്ച തുടങ്ങിയത്. കെകെ രാഗേഷും ചര്‍ച്ചയില്‍ പങ്കെടുത്തു. തമിഴ്നാട്ടില്‍ നിന്നും ഗുണശേഖരന്, ആന്ധ്ര പ്രദേശില്‍ നിന്ന് വൈവി റാവു, മഹാരാഷ്ട്രയില്‍നിന്ന് എസ്കെ രെഗെ, പഞ്ചാബില്‍ നിന്നും രഘുനാഥ്, രാജസ്ഥാനില്‍ നിന്ന് ദിലു ചന്ദ് എന്നിവര്‍ ഉച്ചയ്ക്കു മുന്‍പുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
കരട് സംഘടനാ പ്രമേയത്തിലും സംഘടനാ റിപ്പോര്‍ട്ടിലും അസമില്‍ നിന്ന് അനന്ത ദേഖ, ഒഡീഷയില്‍ നിന്ന് ദുസ്മന്ദ ദാസ്, ദില്ലി ഘടകത്തെ പ്രതിനിധീകരിച്ച് കെഎം തിവാരി, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു പ്രതിനിധികള്‍. ത്രിപുരയെ പ്രതിനിധാനം ചെയ്ത് ജിതേന്ദര്‍ ചൗധരിയും ഹരിയാനയില്‍ നിന്ന് ഇന്ദര്‍ജിത് സിംഗും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ശനിയാഴ്ച വരെ തുടരും.
സംഘടനാ വീഴ്ചകളെക്കുറിച്ച് ആഴത്തിലുള്ള ആത്മ പരിശോധനയും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണ് പ്ലീനം പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ രീതികള്‍ പരീക്ഷിക്കുക വഴി ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ ശകതമായ തിരിച്ചുവരവിന് കൊല്‍ക്കത്ത പ്ലീനം വഴിയൊരുക്കുമെന്ന ആത്മവിശ്വാസവും നേതാക്കള്‍ പങ്കുവയ്ക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here