ജനങ്ങളുമായി ബന്ധം വച്ചാല്‍ മാത്രം പോരാ, ജനങ്ങളില്‍നിന്ന് പഠിക്കണമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ജനങ്ങളുമായി ബന്ധം വച്ചാല്‍ മാത്രം പോരാ, ജനങ്ങളില്‍നിന്ന് പഠിക്കണമെന്ന് തോമസ് ഐസക്ക്. ബഹുജനസമരങ്ങളില്‍ നേരിട്ട് പങ്കാളികളാകണമെന്നും ബഹുജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള മുഖ്യവേദി ബഹുജനസംഘടനകള്‍ തന്നെയാണെന്നും ഫേസ്ബുക്കിലൂടെ തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തന ശൈലിയില്‍ സമൂലമായ മാറ്റം വേണമെന്നുള്ളതാണ്‌ പ്ലീനം റിപ്പോര്‍ട്ടില്‍ ഒന്നാമതായി എടുത്തുപറയുന്ന കാര്യം. എല്ലാ തലങ്ങളിലും വാര്‍പ്പ്‌ മാതൃകയിലുള്ള ആവര്‍ത്തന വിരസമായ ശൈലി കടന്നുവന്നിട്ടുണ്ട്‌. ജനങ്ങളുമായിട്ടുള്ള ബന്ധവും ദുര്‍ബലമാണ്‌. നേതാക്കള്‍ കൂടുതലും പാര്‍ടി കമ്മിറ്റികളിലുള്ളവരോടും പ്രവര്‍ത്തകരോടുമാണ്‌ സംസാരിക്കുക.

ബഹുജനങ്ങളോട്‌ സംസാരിക്കുന്നുണ്ടെങ്കില്‍ അത്‌ പൊതുയോഗങ്ങളിലൂടെയായിരിക്കും. പൊതുയോഗത്തിന്‌ സമയത്തിന്‌ വരുന്ന നേതാക്കള്‍ സദസില്‍ ഇരിക്കുന്നവരോട്‌ കുശലം പറയുകയും യോഗശേഷം പ്രവര്‍ത്തകരോട്‌ അനൗപചാരികമായി വര്‍ത്തമാനം പറയുകയും ചെയ്യുന്ന പതിവില്ല. പ്രവര്‍ത്തകരുടെ വീട്ടില്‍ താമസിക്കാറില്ല. ഗൃഹസന്ദര്‍ശനങ്ങളില്ല. അയല്‍ക്കൂട്ടങ്ങളില്‍ പങ്കെടുക്കാറില്ല. പരാതികളും ആവലാതികളും കേട്ടുനില്‍ക്കാനുള്ള ക്ഷമയില്ല. ഇങ്ങനെ ജനങ്ങളില്‍നിന്ന്‌ അകലുന്നതിന്റെ ഫലമായി താഴെ നടക്കുന്നത്‌ എന്താണെന്ന്‌ കൃത്യമായ തിരിച്ചറിവില്ലാതാകുന്നു.


ഇതിന്‌ ഉദാഹരണം ബംഗാള്‍ തന്നെയാണ്‌. ബംഗാളിലെ സംസ്ഥാനതല നേതാക്കളില്‍ ഒരാളെക്കുറിച്ചുപോലും വ്യക്തിപരമായി ഒരാക്ഷേപവും ആര്‍ക്കും ഇല്ല. വ്യക്തിപരമായി ഏറ്റവും ലളിതമായ ജീവിതം നയിക്കുന്നവരാണ്‌. പക്ഷെ, താഴെതട്ടില്‍ അടിത്തറ ജീര്‍ണ്ണിച്ച്‌ മുഴുവന്‍ ഇടിഞ്ഞുപൊളിയുമ്പോഴും സ്ഥിതിവിശേഷത്തിന്റെ ഗൗരവം പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നോ എന്ന്‌ എനിക്ക്‌ സംശയമാണ്‌. ഇന്ന്‌ എല്ലാം വീണ്ടും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്‌.


ജനങ്ങളുമായി ബന്ധം വച്ചാല്‍ മാത്രം പോരാ. ജനങ്ങളില്‍നിന്ന്‌ പഠിക്കണം. ബഹുജനസമരങ്ങളില്‍ നേരിട്ട്‌ പങ്കാളികളാകണം. ബഹുജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള മുഖ്യവേദി ബഹുജനസംഘടനകള്‍ തന്നെയാണ്‌. ബഹുജനസംഘടനകളില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച്‌ വിശദമായ പ്രമേയം അംഗീകരിച്ചിട്ട്‌ രണ്ടു ദശാബ്‌ദത്തിലേറെയായെങ്കിലും അത്‌ ഇനിയും പ്രായോഗികമായിട്ടില്ല. ബഹുജനസംഘടകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ജനാധിപത്യപരമായി ഇടപെടുകയും വേണം. ഇതിനെയൊക്കെയാണ്‌ ബഹുജന ലൈന്‍ എന്ന്‌ പ്ലീനം രേഖയില്‍ വിളിക്കുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here