ഡ്രീം വേള്‍ഡിന്റെ അനധികൃത പാറമടയ്‌ക്കെതിരെ പ്രതിഷേധം ശക്തം; റിസര്‍വ് വനഭൂമിയിലെ പാറമടയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയെന്ന് ആരോപണം

തൃശൂര്‍: ഡ്രീം വേള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ തൃശൂര്‍ വട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. റിസര്‍വ് വനഭൂമിയിലെ പാറമടയ്ക്ക് ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പാറമടയ്ക്ക് ഖനനാനുമതി ലഭിക്കാന്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്ന സര്‍വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ജില്ലാ കളക്ടര്‍ നടപടിയെടുക്കുന്നില്ല. സ്റ്റോപ്പ് മെമോ അവഗണിച്ച് പാറമടയില്‍ നിന്ന് കല്ലുകള്‍ നീക്കാനെത്തിയ വാഹനങ്ങള്‍ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.

ഡ്രീംവേള്‍ഡ് ഗ്രൂപ്പ് ഉടമകളായ സൈമണ്‍ കെ ഫ്രാന്‍സിസ്, ജോസ് കെ ഫ്രാന്‍സിസ് എന്നിവരുടെ ഉടമസ്ഥതയില്‍ തൃശൂര്‍ വട്ടപ്പാറയിലാണ് സെന്റ് ജോസഫ്‌സ് ഗ്രാനൈറ്റ്‌സ് എന്ന പേരില്‍ പാറമട പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് വനഭൂമിയില്‍ നാലര ഹെക്ടറില്‍ പ്രവര്‍ത്തിക്കുന്ന പാറമടയ്ക്ക് ഖനനാനുമതി നേടാന്‍ രേഖകള്‍ നശിപ്പിച്ചതായി സര്‍വേ സൂപ്രണ്ട് കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പാറമട പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്നും പട്ടയം നല്‍കി പോക്കുവരവ് നടത്തിയത് ബോധപൂര്‍വ്വമാകാമെന്നും സര്‍വേ വിഭാഗം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്‍പത് മാസം പിന്നിട്ടിട്ടും ജില്ലാ കളക്ടര്‍ പാറമടയുടെ പ്രവര്‍ത്തനം തടഞ്ഞില്ല.

ആവാസവ്യവസ്ഥയെയും ജൈവ വൈവിധ്യങ്ങളെയും നശിപ്പിച്ച് വനഭൂമിയില്‍ നടക്കുന്ന ഖനനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. പാറമടയുടെ പ്രവര്‍ത്തനംമൂലം സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി രണ്ടായിരത്തി പന്ത്രണ്ടിലാണ് കൃത്രിമ രേഖകള്‍ ചമച്ച് ഖനനാനുമതി സ്വന്തമാക്കിയത്. പ്രതിഷേധം ശക്തമായതോടെ വനഭൂമിയിലെ പാറമടയുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതര്‍. ഖനനം ചെയ്ത കല്ലുകള്‍ വാഹനങ്ങളില്‍ നീക്കം ചെയ്യാന്‍ ക്വാറി ഉടമ ശ്രമിച്ചതോടെ നാട്ടുകാര്‍ തടയാനെത്തി. തുടര്‍ന്ന് വാഹനങ്ങള്‍ വനംവകുപ്പ് പിടിച്ചെടുത്തു. പാറമട നിയമവിരുദ്ധമാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കേണ്ട ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടാത്തത് സംശയങ്ങള്‍ക്ക് വഴിവെക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here