ഒരുരാജ്യത്തെ വികലനയം മറ്റൊരുരാജ്യത്ത് ഒരു മനോഹര നഗരത്തെ സൃഷ്ടിക്കുന്നു. ആഗോളവത്കരണ കാലത്തെ ഈ വേറിട്ട കാഴ്ച കാണണമെങ്കില്‍ ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലെത്തിയാല്‍ മതി. അതിര്‍ത്തി രേഖയ്ക്ക് ഒരുവശം ഇന്ത്യയിലെ ജയഗയോണ്‍ എന്ന ദുരന്തനഗരവും മറുവശം ഭൂട്ടാനിലെ ഫ്യൂണ്‍ട്‌ഷോലിംഗ് എന്ന അത്ഭുത നഗരവും കാണാം. ജയഗയോണ്‍ നഗരം പിന്നാക്കവും ജനനിബിഡവും മലിനവുമാണ്. അപ്പുറത്തെ ഫ്യൂണ്‍ട്‌ഷോലിംഗ് ആകട്ടെ വികസിതവും തിരക്കൊഴിഞ്ഞതും വൃത്തിയുളളതുമാണ്. ഇന്ധനമെന്ന അവശ്യ വസ്തുവിന്റെ വിലയില്‍ അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ഉളള വിലവ്യത്യാസമാണ് ഫ്യൂണ്‍ട്‌ഷോലിംഗ് എന്ന അപൂര്‍വ നഗരത്തെ സൃഷ്ടിച്ചത്.
രണ്ടു രാജ്യങ്ങളേയും വേര്‍തിരിക്കുന്നത് പരമ്പരാഗത ഇഹാസാ ഭൂട്ടാനീസ് ചിത്രങ്ങള്‍ ആലേഖനം ചെയ്ത മതിലാണ്. മതിലിനിടയിലുളള കവാടത്തിന് മുന്നില്‍ നിന്നാല്‍ അതിര്‍ത്തികടന്ന് ഭൂട്ടാനിലേയ്ക്ക് പോവുന്ന ഇന്ത്യന്‍ വാഹനങ്ങള്‍ കാണാം. പോയതിലേക്കാള്‍ വേഗത്തില്‍ വാഹനങ്ങള്‍ മടങ്ങിവരുന്നു. ആര്‍ക്കും തോന്നുന്ന ഒരു സംശയം; ‘അയല്‍ രാജ്യത്തേയ്ക്ക് പോയ വണ്ടികള്‍ എന്തേ ഇത്ര പെട്ടെന്ന് മടങ്ങാന്‍?’
ഒരു കാറില്‍ ഫ്യൂണ്‍ട്‌ഷോലിംഗില്‍ പോയി വളരെ പെട്ടെന്ന് ജയഗയോണില്‍ മടങ്ങിയെത്തിയ എബി ഉമ്മന്‍ എന്ന ബംഗാളി മലയാളിയാണ് ഈപോക്കുവരവിന്റെ സാമ്പത്തികശാസ്ത്രം പറഞ്ഞുതന്നത്. ‘ഞാന്‍ താമസിക്കുന്നത് ജയഗയോണിലാണ്.ഇവിടെ പെട്രോള്‍ പമ്പുകള്‍ ഇല്ല. ഒരുലിറ്റര്‍ പെട്രോളിന് ബംഗാളിലെ വില എഴുപത് രൂപയിലുമധികമാണ്. എന്നാല്‍, ഭൂട്ടാനില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില വെറും അമ്പത്തിയെട്ട് രൂപ അമ്പത് പൈസ. കറന്‍സിയുടെ മൂല്യം ഒന്നുതന്നെ. ഭൂട്ടാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് ഏഴു കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ യാതൊരുയാത്രാരേഖയും ആവശ്യമില്ല. ഒരു തവണ ഫുള്‍ ടാങ്ക് അടിച്ച് മടങ്ങുമ്പോള്‍ എനിക്ക് ലാഭം 600 രൂപയോളമാണ്’.
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഫ്യൂണ്‍ട്‌ഷോലിംഗില്‍ ഒരു പെട്രോള്‍ പമ്പുണ്ട്. പമ്പിലേക്ക് പശ്മിമബംഗാള്‍ രജിസ്‌ട്രേഷനുള്ള വണ്ടികളുടെ പ്രവാഹമാണ്. എണ്ണയടിക്കാനായി മാത്രം ഈ വണ്ടികള്‍ ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലെത്തുന്നു. എണ്ണയടിച്ച ഉടന്‍ വാഹനങ്ങള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങും. വാഹനങ്ങളിലെ ബഹുഭൂരിഭാഗവും ചരക്ക് വാഹനങ്ങളാണ്. സിലുഗുരി-ഗാങ്‌ടോക്-ജയഗയോണ്‍ റൂട്ടില്‍ ചരക്ക് സര്‍വീസ് നടത്തുന്ന സുനില്‍ യാദവ് എന്ന ബീഹാരി ട്രക്ക് ഡ്രൈവറെ കണ്ടുമുട്ടി.
‘മാസത്തില്‍ പത്തു തവണയെങ്കിലും ഞാന്‍ ഫ്യൂണ്‍ട്‌ഷോലിംഗിലെത്തി എണ്ണയടിക്കും. ഡീസല്‍ വിലയിനത്തില്‍ ഒരുമാസം എന്റെ വണ്ടിക്ക് ലാഭിക്കാനാവുന്നത് 10,000 രൂപയോളമാണ്. ഇന്ത്യക്കാരനാണെങ്കിലും ഞാനിപ്പോള്‍ ഇന്ത്യയില്‍ നിന്ന് എണ്ണയടിക്കാറേയില്ല.’ സുനില്‍ യാദവിന്റെ ബംഗാളി ട്രക്ക് മുതലാളിക്ക് അമ്പതോളം ട്രക്കുകളുണ്ട്. സര്‍വീസ് നടത്തുന്നത് ബംഗാളിലെങ്കിലും ഡീസല്‍ അടിക്കുന്നത് ഫ്യൂണ്‍ട്‌ഷോലിംഗില്‍ വന്നാണ്. ഈ അന്യസംസ്ഥാന എണ്ണയടിമൂലം മുതലാളിക്ക് ലാഭം മാസം അഞ്ചു ലക്ഷത്തോളം രുപ.
സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് എണ്ണ തേടിയുള്ള ഈ പലായനത്തിന് പിന്നില്‍ രാഷ്ടീയവും സാമ്പത്തിക ശാസ്ത്രവുമുണ്ട്. നെഹ്‌റുവിന്റെ കാലത്ത് ഭൂട്ടാന്‍ രാജാവുമായി ഇന്ത്യയുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ അടിസ്ഥാന വിലയ്ക്ക് ഭൂട്ടാന് എണ്ണനല്‍കണം. ഫ്യൂണ്‍ട്‌ഷോലിംഗ് ഉള്‍പ്പടെ ഭൂട്ടാനിലെ എല്ലാ പ്രദേശങ്ങളിലുമുളള പമ്പുകളിലേക്കും എണ്ണവിതരണം ചെയ്യുന്നത് ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികളാണ്. എന്നാല്‍, തങ്ങളുടെ രാജ്യത്തെത്തുന്ന എണ്ണയ്ക്ക് മേല്‍ എത്ര നികുതി ചുമത്തണമെന്ന് തീരുമാനിക്കുന്നത് ഭൂട്ടാന്‍ സര്‍ക്കാരാണ്. ഇന്ത്യയിലേതുപോലെ കഴുത്തറപ്പന്‍ നികുതികള്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ ചുമത്തി ഖജനാവിലേക്ക് പണം സമാഹരിക്കുകയെന്ന നയം ഭൂട്ടാനില്ല.
ബംഗാളില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 70 രുപയ്ക്ക് മുകളിലാണെങ്കില്‍ ഭൂട്ടാനിലിത് 55 രൂപ 50 പൈസയാണ്. 15 രൂപയോളം വ്യത്യാസം. ഔദ്യോഗിക കറന്‍സിയായ ഭൂട്ടാനീസ് രൂപയ്ക്ക് ഇന്ത്യന്‍ കറന്‍സിക്ക് തുല്യമായ മൂല്യമാണുള്ളത്. അതിര്‍ത്തിക്കിപ്പുറത്ത് ജയഗോണില്‍ ഒറ്റ പെട്രോള്‍ പമ്പുകളില്ല. ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ എബി ജയഗയോണുകാരുടെ ദുര്യോഗം വിവരിച്ചു. ‘ഇവിടുത്തെ എല്ലാ പെട്രോള്‍ പമ്പുകളും പൂട്ടിപ്പോയി. യാത്രാരേഖകള്‍ ഒന്നുമില്ലാതെ ഇന്ത്യക്കാര്‍ക്ക് ഭൂട്ടാന്‍ അതിര്‍ത്തിക്കകത്ത് ഏഴു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. അവിടെപ്പോയി ഇഷ്ടം പോലെ കുറഞ്ഞ വിലയ്ക്ക് എണ്ണയടിക്കാം. 56 രൂപയ്ക്ക് അവിടെ എണ്ണ കിട്ടുമ്പോള്‍ 71 രൂപയ്ക്ക് ജയഗയോണില്‍ എണ്ണ വില്‍ക്കാനോ എണ്ണവാങ്ങാനോ ആരെ കിട്ടും? ന്യായവിലയ്ക്ക് എണ്ണ ലഭിക്കണമെങ്കില്‍ അയല്‍രാജ്യത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഞങ്ങള്‍. ഭൂട്ടാനെ മാതൃകയാക്കി ഇന്ത്യാ ഗവണ്‍മെന്റ് എണ്ണയ്ക്ക് കുറഞ്ഞ തീരുവ ചുമത്തിയാല്‍ മാത്രമേ എണ്ണയ്ക്ക് വേണ്ടിയുളള ഞങ്ങളുടെ പലായനങ്ങള്‍ അവസാനിക്കൂ’.
ഫ്യൂണ്‍ട്‌ഷോലിംഗില്‍ എണ്ണയടിക്കാനായി ഓരോദിവസവും നൂറുകണക്കിന് ഇന്ത്യക്കാരാണ് എത്തുന്നത്. ഇവര്‍ എണ്ണ മാത്രമല്ല, ഫ്യൂച്ചിലിംഗിലെ കടകളില്‍ കയറി ഭൂട്ടാനീസ് ഉല്‍പന്നങ്ങളും വാങ്ങുന്നു. ഹോട്ടലുകളില്‍ കയറി മൃഷ്ടാന്ന ഭോജനം നടത്തുന്നു. ഇതെല്ലാം ഫ്യൂണ്‍ട്‌ഷോലിംഗ് എന്ന മനോഹര നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി. ഇന്ത്യയില്‍ എണ്ണവില ഉയരുമ്പോള്‍ ഫ്യൂണ്‍ട്‌ഷോലിംഗുകാര്‍ ആഹ്ലാദിക്കുകയാണ്. ഇന്ത്യയിലെ ഓരോ എണ്ണവിലക്കയറ്റവും ഫ്യൂണ്‍ട്‌ഷോലിംഗുകാരുടെ പോക്കറ്റില്‍ കോടികള്‍ എത്തിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here