ബെയ്‌റൂട്ട്: ലൈംഗിക അടിമത്തത്തെ പ്രോത്സാഹിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുതിയ ഫത്‌വ പുറപ്പെടുവിച്ചു. ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന നിലപാടിന് വിരുദ്ധമായാണ് പുതിയ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ പീഡിപ്പിക്കാന്‍ അനുവാദം നല്‍കുന്നതാണ് ഐഎസിന്റെ പുതിയ ഫത്‌വ. അടിമകളെ സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫത്‌വയില്‍ പറയുന്നു. സിറിയയും ഇറാഖുമടക്കമുള്ള സ്ഥലങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഠിപ്പിക്കലുകള്‍ക്ക് പുതിയ മാനം നല്‍കിയാണ് ലൈംഗിക അടിമത്തത്തെ ഐഎസ് പ്രോത്സാഹിപ്പിക്കുന്നത്. സിറിയയില്‍ ഐഎസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളോടൊപ്പമാണ് ഫത്‌വ കണ്ടെത്തിയത്.

പുതിയ ഫത്‌വയില്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്. അച്ഛനും മകനും ഒരു അടിമയെത്തന്നെ പീഡിപ്പിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, അമ്മയേയും മകളെയും അടിമയാക്കിയ ആള്‍ക്ക് രണ്ടുപേരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ ഒരേസമയം രണ്ടുപേരുമായും ബന്ധം പുലര്‍ത്തരുത്. രണ്ടുപേര്‍ ചേര്‍ന്നാണ് ഒരാളെ സ്വന്തമാക്കിയതെങ്കില്‍ രണ്ടു പേര്‍ക്കും അവളെ ഉപയോഗിക്കാം.

അടിമയെ ഉടമസ്ഥന്‍ മോചിപ്പിച്ചാലും അയാള്‍ക്ക് മാത്രമാകും അവളില്‍ അവകാശം. മറ്റാര്‍ക്കും അവളുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. അടിമ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല. പ്രസവം വരെ മറ്റാരും ശല്യപ്പെടുത്തുകയുമരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. 12 വയസ്സു പ്രായമുള്ള പെണ്‍കുട്ടികളെ വരെ ഐഎസ് ഭീകരര്‍ അടിമകളാക്കി പിടികൂടി ബലാല്‍സംഗം ചെയ്യാറുണ്ട്. വടക്കേ ഇറാഖിലെ ന്യൂനപക്ഷമായ യസീദി വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ് കൂടുതലും ഇതിന് ഇരയാകുന്നതെന്നും മനുഷ്യാവകാശ സംഘടനകളും കണ്ടെത്തിയിട്ടുണ്ട്.

ഫത്വ നമ്പര്‍ 64 ആയി ജനുവരി 29നാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫത്‌വ ആന്‍ഡ് റിസേര്‍ച്ച് കമ്മിറ്റിയാണ് ഫത്വ പുറപ്പെടുവിച്ചത്. ഐഎസ് പോരാളികളും അടിമസ്ത്രീകളും തമ്മിലുള്ള ലൈംഗികബന്ധം തന്നെയാണ് ഇതിലെ പ്രധാന വിഷയം. അടിമ സ്ത്രീകളെ കൈകാര്യം ചെയ്യുന്നതില്‍ ചില ഐഎസ് ഭീകരര്‍ മര്യാദാലംഘനം നടത്തിയതായി കണ്ടെത്തിയതായി രേഖയില്‍ പറയുന്നു. ഇത് ശരീഅത്ത് നിയമത്തിനു ചേര്‍ന്നതല്ലെന്നതിനാലാണ് പുതിയ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് 15 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ലിസ്റ്റില്‍ പറയുന്നു.