സിപിഐഎം സംഘടനാ പ്ലീനം: യുവജന പ്രാതിനിധ്യം ഗൗരവമായി എടുക്കുമെന്ന് പിബി അംഗം മുഹമ്മദ് സലിം; പ്രമേയ – റിപ്പോര്‍ട്ടുകളിന്മേല്‍ ചര്‍ച്ച തുടരുന്നു

കൊല്‍ക്കത്ത: സിപിഐഎം സംഘടനാ പ്ലീനത്തില്‍ പ്രമേയത്തിലും റിപ്പോര്‍ട്ടിന്‍മേലുമുള്ള ചര്‍ച്ച പുരോഗമിക്കുന്നു. രണ്ടാംദിന പ്രതിനിധി ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും ടിഎന്‍ സീമ പങ്കെടുത്തു. ചര്‍ച്ചയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രിയാത്മകമാണെന്ന് പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു.

കൂടുതല്‍ യുവജനങ്ങളെ പാര്‍ട്ടിയിലേക്കും നേതൃനിരയിലേക്കും കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഗൗരമായി കാണുമെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലും പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്‍മേലുമുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെയും ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മക പരിശോധനയാണ് പ്രതിനിധികള്‍ നടത്തുന്നത്.

ബഹുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, കൂടുതല്‍ യുവാക്കളെയും വനിതകളെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുക, പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയത്തിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം രാജ്യവ്യാപകമായി വ്യത്യസ്ത പരിപാടികളോടെ ആഘോഷിക്കണമെന്ന പ്രത്യേക പ്രമേയം പിബി അംഗം എംഎ ബേബി അവതരിപ്പിച്ചു. വര്‍ഗ്ഗീയവും പിന്തിരിപ്പനുമായ പ്രത്യശാസ്ത്രങ്ങള്‍ക്കെതിരെ അധ്വാനവര്‍ഗ്ഗ പ്രത്യശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള അവസരമായി ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷിക വര്‍ഷത്തെ മാറ്റണമെന്നാണ് പ്രമേയം നിര്‍ദ്ദേശിക്കുന്നത്.

ദീര്‍ഘകാലത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ വിശദമായി തന്നെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുള്ളതിനാല്‍ ഓരോ ഇടപെടലുകളും ഇഴകീറി പരിശോധിച്ചു കൊണ്ടുള്ള വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പ്രതിനിധികള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് സംഘടനാപരമായ വളര്‍ച്ചയ്ക്കുള്ള ക്രീയാത്മക പിന്തുണയാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here