തിരുവനന്തപുരം: മുടങ്ങിയ എംടെക് പരീക്ഷ ഉടന്‍ നടത്താന്‍ കേരള സാങ്കേതിക സര്‍വകലാശാല തയ്യാറാകണമെന്ന് എസ്എഫ്‌ഐ. സര്‍വകലാശാലയിലെ ക്രമക്കേടുകളില്‍ സമഗ്രാന്വേഷണം നടത്തണം. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

സര്‍വകലാശാലയിലെ അയ്യായിരത്തോളം എംടെക് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുകയാണ്. രണ്ടാം സെമസ്റ്റര്‍ ആരംഭിച്ചിട്ടും ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ നടത്തിപ്പ് നടപടികള്‍ ആരംഭിക്കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല. പരീക്ഷ എന്നുനടക്കുമെന്നറിയാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍ ആണ്. പരീക്ഷ ഉടന്‍ സര്‍വകലാശാല നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നൂറിലേറെ കോളജുകളില്‍ ഇരുന്നൂറ്റിമുപ്പത് എംടെക് സ്ട്രീമുകളിലായി മൂവായിരത്തോളം പരീക്ഷകള്‍ നടത്തണം. എന്നാല്‍ അതിനു വേണ്ടി യാതൊരു നടപടിയും സര്‍വകലാശാല സ്വീകരിച്ചിട്ടില്ല. വ്യാജ പത്രവാര്‍ത്ത നല്‍കി വിസിയും സര്‍വകലാശാല അധികൃതരും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് എന്നും എസ്എഫ്‌ഐ ആരോപിച്ചു.

സാങ്കേതികമായി പേരിന് മാത്രമാണ് സര്‍വകലാശാല. വിദ്യാര്‍ത്ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയും പരീക്ഷ നടത്തിപ്പ് അട്ടിമറിച്ചും കച്ചവടം നടത്താന്‍ ശ്രമിക്കുകയാണ് സര്‍വകലാശാല. കേരള നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമത്തില്‍ പറയുന്ന ഭരണസമിതികളോ അക്കാദമിക് സമിതികളോ ഇതുവരെ കേരള സാങ്കേതിക സര്‍വകലാശാലയില്‍ രൂപം കൊണ്ടിട്ടില്ലെന്നും എസ്എഫ്‌ഐ പറയുന്നു.

മറ്റു സര്‍വകലാശാലകളില്‍ അഫിലിയേഷന്‍ ഫീസ് 100 രൂപയാണ്. എന്നാല്‍ സാങ്കേതിക സര്‍വകലാശാല ഈടാക്കുത് 1000 രൂപയാണ്. പരീക്ഷാഫീസ് ഇനത്തില്‍ 600രൂപ മറ്റുള്ള സര്‍വകലാശാല വാങ്ങുമ്പോള്‍ സാങ്കേതിക സര്‍വകലാശാല 1500 രൂപയാണ് വാങ്ങുത്.

അധ്യാപക പരിശീലനത്തിനായി കോളജുകളില്‍ നിന്നും ഒന്നര ലക്ഷം രൂപ വേറെയും പിരിച്ചെടുത്തു. ഇക്കാര്യങ്ങളിലും അന്വേഷണം വേണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വിപി സാനുവും സെക്രട്ടറി എം വിജിനും ആവശ്യപ്പെട്ടു.