പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്; വെടിക്കെട്ടിന് മാത്രം 9 ടണ്‍ കരിമരുന്ന്; ബുര്‍ജ് ഖലീഫ ടവര്‍ മുതല്‍ പാം ജുമൈറ വരെ 24 മിനുട്ട് വര്‍ണ്ണ വിസ്മയം

ദുബായ്: ലോകത്ത് ഏറ്റവും മനോഹരമായി പുതുവത്സരത്തെ വരമേല്‍ക്കുന്നതാരാകും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. സംശയമില്ലാതെ പറയാം, ദുബായ് എന്ന്. പുതുവത്സര രാവിന് വര്‍ണ്ണാഭയേകാനും കാതടപ്പിക്കുന്ന വെടിക്കെട്ടിനും മാത്രം 9 ടണ്‍ കരിമരുന്നാണ് ഒരുക്കിയിരിക്കുന്നത്.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബായില്‍ ഒരുക്കങ്ങള്‍ ആറ് മാസം മുമ്പേ തുടങ്ങി. കഴിഞ്ഞ രണ്ട് മാസമായി ആഘോഷത്തിന് മാറ്റുകൂട്ടുന്നതിന് മാത്രമുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. 100 എന്‍ജിനീയര്‍മാരാണ് ഇതിനായി മാത്രം പണിയെടുക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും എല്ലാം നിയന്ത്രിക്കുന്നത്. പുതുവര്‍ഷം തുടങ്ങി 24 മിനുട്ട് ദുബായ് നഗരം വര്‍ണ്ണ വിസ്മയങ്ങളുടെ ആഘോഷത്തില്‍ മുങ്ങും. ഇതിനായി മാത്രം 685 കേന്ദ്രങ്ങളിലാണ് കരിമരുന്ന് വിന്യസിച്ചത്. ബുര്‍ജ് ഖലീഫ ടവറില്‍നിന്നാണ് വര്‍ണ്ണ വിസ്മയം തുടങ്ങുന്നത്.

ബുര്‍ജ് ഖലീഫയില്‍ നിന്ന് തുടങ്ങുന്ന വെടിക്കെട്ട് 23 കിലോമീറ്റര്‍ നീളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തീരപ്രദേശത്തുകൂടി വര്‍ണ വിസ്മയം ചൊരിഞ്ഞ് ജുമൈറ ബീച്ചിന് എതിര്‍വശത്ത് മെറാസ് ബീച്ചില്‍ അവസാനിക്കും. ബിസിനസ് ബേ കനാല്‍, ബുര്‍ജ് അല്‍ അറബ് എന്നിവയിലൂടെയാണ് കടന്നുപോവുന്നത്.

12 മണിക്ക് ബുര്‍ജ് ഖലീഫയില്‍ നിന്ന് തുടങ്ങുന്ന വിസ്മയകാഴ്ചകള്‍ ആസ്വദിക്കാനുള്ള മികച്ച സ്ഥലങ്ങള്‍ ഇവയാണ്. ദുബായ് മാള്‍, സൗഖ് ബഹര്‍, ബുര്‍ജ് പ്ലാസ, സൗത്ത് ബ്രിഗേഡ് ബില്‍ഡിംഗ്, ബൗലേവാര്‍ഡ് റോഡ്, ബിസിനസ് ബേ ഏരിയ തുടങ്ങിയ ഇടങ്ങള്‍. ബുര്‍ജ് അല്‍ അറബ്, ജുമൈറ ബീച്ച് റെസിഡന്‍സ്, പാം ജുമൈറ എന്നിവിടങ്ങളും ഇതിനു ചുറ്റുമുള്ള സ്ഥലങ്ങളും പുതുവത്സര രാവിനെ ആഘോഷ രാവാക്കി മാറ്റും.

വെടിക്കെട്ടിന്റെ താളത്തിനൊപ്പം ലൈറ്റ് ബീമുകള്‍, ലോകത്തിലെ ഏറ്റവും വലിയ എല്‍ഇഡി സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള എല്‍ഇഡി ഡിസ്‌പ്ലേ തുടങ്ങിയവയും പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. 828 മീറ്റര്‍ നീളമുള്ള ബുര്‍ജ് ഖലീഫയിലെ മാജിക്കല്‍ എയ്റ്റ് ആക്ട് ഡിസ്‌പ്ലേ ദുബായ് നഗരത്തിന്റെ വരുംകാല വസന്തം വിളിച്ചറിയിക്കും. ബുര്‍ജ് ഖലീഫയില്‍ ദൃശ്യമാകുന്ന ദേശീയ പതാക, ജിസിസി രാഷ്ട്രങ്ങളുടെ ഐക്യത്തെയും സാഹോദര്യത്തെയും വിളിച്ചറിയിക്കുന്നതാവും.

12.09നാണ് വെടിക്കെട്ട് കാഴ്ചകള്‍ ബുര്‍ജ് അല്‍ അറബില്‍ എത്തുന്നത്. ബ്ലാക് ബീച്ച്, ഉം സുഖൈം ബീച്ച് ആന്‍ഡ് പാര്‍ക്ക്, ജുമൈറ ബീച്ച് പാര്‍ക്ക്, ജുമൈറ റോഡ് എന്നിവിടങ്ങളില്‍നിന്ന് ബുര്‍ജ് അല്‍ അറബിന്റെ പുതുവര്‍ഷ ദൃശ്യശോഭ അനുഭവിക്കാം. രാത്രി 11 മണി മുതല്‍ ഇവിടേക്കുള്ള റോഡ് അടയ്ക്കും.

12.16ന് വെടിക്കെട്ടും വര്‍ണ്ണ വിസ്മയങ്ങളും ജുമൈറ ബീച്ച് റസിഡന്‍സിലെത്തും. ജെബിആര്‍, ബീച്ച്, തുടങ്ങിയ ഇടങ്ങളില്‍നിന്ന് ദൃശ്യങ്ങള്‍ ആസ്വദിക്കാം. സംഗീത നിശയാണ് ജുമൈറയിലെ വ്യത്യസ്തത. ഫ്രീ സ്പിരിറ്റ് എന്ന് പേരിട്ട പരിപാടി അവതരിപ്പിക്കുന്നത് രാജ്യാന്തര ഡിജെ പ്രൊഡ്യൂസര്‍ പിയറി റവന്റെ നേതൃത്വത്തിലാണ്. ദുബൈ ടിവി, ഇന്റര്‍നാഷണല്‍ ടിവി എന്നിവയില്‍ തത്സമയ സംപ്രേഷണം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News