പാപനാസം മുതല്‍ ഒരുനാള്‍ ഇരവില്‍ വരെ; 2015-ല്‍ തമിഴ് മക്കളെ ത്രസിപ്പിച്ച മലയാളത്തില്‍ നിന്നുള്ള റീമേക്കുകള്‍

2015 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പൊന്‍വസന്തം തീര്‍ത്ത വര്‍ഷമായിരുന്നു. മലയാളത്തില്‍ നിന്നുള്ള പല ചിത്രങ്ങളും തമിഴിലും വിസ്‌ഫോടനം തീര്‍ത്തു. തമിഴിലേക്ക് റീമേക്ക് ചെയ്ത് കോളിവുഡിലും വന്‍വിജയം നേടിയ ചിത്രങ്ങള്‍ നിരവധിയായിരുന്നു. ദൃശ്യത്തിന്റെ റീമേക്ക് പാപനാസം മുതല്‍ ഷട്ടറിന്റെ റീമേക്ക് ഒരുനാള്‍ ഇരവില്‍ വരെ വന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. മലയാളത്തില്‍ മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രത്തിന്റെ റീമേക്ക് തമിഴില്‍ ജ്യോതികയുടെ തിരിച്ചുവരവിനും വഴിതെളിച്ചു. മലയാളത്തില്‍ തമിഴിലെത്തി തമിഴരുടെ ഇഷ്ടമായ ചിത്രങ്ങളെ കുറിച്ച്.

പാപനാസം


മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായിരുന്നു പാപനാസം. ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ജീത്തു തന്നെയാണ് തമിഴിലും ചിത്രം അണിയിച്ചൊരുക്കിയത്. മാനം രക്ഷിക്കാന്‍ കുടുംബം നടത്തിയ കൊലപാതകത്തില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ മധ്യവയസ്‌കന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ ദൃശ്യത്തിലെ മോഹന്‍ലാലില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു കമലിന്റെ പാപനാസത്തിലെ പ്രകടനം. തമിഴിലെ 2015-ലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

36 വയതിനിലെ


മലയാളത്തില്‍ മഞ്ജു വാര്യരുടെ മടങ്ങി വരവിന് സാക്ഷ്യം വഹിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കായിരുന്നു 36 വയതിനിലെ. തമിഴില്‍ ജ്യോതികയുടെ ശക്തമായ തിരിച്ചു വരവ് രേഖപ്പെടുത്തിയ ചിത്രമായി 36 വയതിനിലെ. വനിതകളുടെയും കുട്ടികളുടെയും ശാക്തീകരണം പ്രമേയമാക്കുന്ന ചിത്രം ഒരേസമയം വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി.

ഒരുനാള്‍ ഇരവില്‍


2012-ല്‍ മലയാളത്തില്‍ ഇറങ്ങിയ ജോയ് മാത്യു ചിത്രം ഷട്ടറിന്റെ റീമേക്കായിരുന്നു ഒരു നാള്‍ ഇരവില്‍. ചിത്രസംയോജകനായിരുന്ന ആന്റണി സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ലാലിന്റെ വേഷത്തില്‍ സത്യരാജ് അവതരിച്ചു. ഒരു വേശ്യയുമായി കടമുറിക്കുള്ളില്‍ അകപ്പെടുന്നയാളുടെ വിഹ്വലതകളാണ് ചിത്രം പറയുന്നത്. സമൂഹത്തിന്റെ കപട സദാചാര ബോധത്തെയും ചിത്രം അടയാളപ്പെടുത്തുന്നു.

വരാനിരിക്കുന്ന ചിത്രങ്ങള്‍

മൂന്നു ചിത്രങ്ങള്‍ മലയാളത്തില്‍ തമിഴിലെത്തി നേട്ടം കൊയ്തു. ഇനി മൂന്നു ചിത്രങ്ങള്‍ കൂടി എത്താനുണ്ട്.

മെമ്മറീസ്


പ്രിഥ്വിരാജ് നായകനായി മലയാളത്തില്‍ വന്‍ വിജയം കൊയ്ത ജീത്തു ജോസഫ് ചിത്രമായിരുന്നു മെമ്മറീസ്. ഈവര്‍ഷമാണ് മെമ്മറീസ് തമിഴില്‍ പുനരാവിഷ്‌കരിക്കാനുള്ള ആലോചന ആരംഭിച്ചത്. പാപനാസം ചിത്രീകരിച്ച കോടമ്പാക്കം തന്നെയാണ് മെമ്മറീസിനും ലൊക്കേഷനായി തരഞ്ഞെടുത്തിട്ടുള്ളത്. അറിവഴകനായിരിക്കും ചിത്രം റീമേക്ക് ചെയ്യുക. പ്രിഥ്വി തന്നെയായിരിക്കും നായകന്‍ എന്നറിയുന്നു.

ബാംഗളൂര്‍ ഡേയ്‌സ്


അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ബാംഗളൂര്‍ ഡേയ്‌സ്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം തമിഴിലെത്തുമ്പോള്‍ ആര്യ, ബോബി സിംഹ, ശ്രീ ദിവ്യ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്നാണ് ചിത്രത്തിന് പേരു നിശ്ചയിച്ചിട്ടുള്ളതെന്ന് കേള്‍ക്കുന്നു. എന്നാല്‍, പേര് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല.

പ്രേമം


2015-ല്‍ മലയാളത്തില്‍ കോടികള്‍ കൊയ്ത അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് പ്രേമം. റിലീസ് ആയി രണ്ടാം ദിവസം സെന്‍സര്‍ കോപ്പി പ്രചരിച്ച് വിവാദങ്ങളും ഒരുപോലെ സൃഷ്ടിച്ച പ്രേമം, തമിഴിലും ഒരുങ്ങുകയാണ്. സായ് പല്ലവി അവതരിപ്പിച്ച് നിരവധി മലയാളികളുടെ മനംകവര്‍ന്ന മലരിനെ അവതരിപ്പിക്കുക ശ്രുതി ഹാസനായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here