കൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ഫെഫ്കയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിര്‍മ്മാതാക്കളില്‍ നിന്ന് അമിതമായി വാങ്ങിയ ബാറ്റാ തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം ജനുവരി ഒന്നു മുതല്‍ സിനിമാ നിര്‍മ്മാണം നിലക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
33 ശതമാനം വര്‍ധനയാണ് ഫെഫ്ക നടപ്പില്‍ വരുത്തിയത്. ഈ തുക 10 നിര്‍മാതാക്കളില്‍നിന്ന് പിടിച്ചുവാങ്ങിയെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ബലം പ്രയോഗിച്ച് വാങ്ങിയ അധിക തുക തിരിച്ചുകൊടുക്കാതെ ഫെഫ്കയുമായി ചര്‍ച്ച വേണ്ടെന്നാണ് ജനറല്‍ ബോഡി തീരുമാനം.
അതേസമയം, വേതന വര്‍ധനവെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഫെഫ്കയും വ്യക്തമാക്കി. നിര്‍മ്മാതാക്കളുമായുള്ള കരാറിന്റെ കാലാവധി സെപ്തംബറില്‍ അവസാനിച്ചെന്നും പലവട്ടം ശ്രമിച്ചിട്ടും ഫലിക്കാതെ വന്നപ്പോള്‍ വ്യക്തിപരമായി നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കള്‍ വര്‍ധന സ്വമേധയാ നടപ്പാക്കിയതാണെന്നും ഫെഫ്ക നേതാക്കള്‍ വ്യക്തമാക്കി. ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും കമലും സിബി മലയിലുമാണ് ഇക്കാര്യം അറിയിച്ചത്.
സമരപ്രഖ്യാപനത്തോടെ പുതുവര്‍ഷത്തില്‍ ആരംഭിക്കാനിരുന്ന പല സിനിമകളുടെയും ചിത്രീകരണം അനിശ്ചിതത്വത്തിലായി.
Get real time update about this post categories directly on your device, subscribe now.
Discussion about this post