ഡ്രീംവേള്‍ഡിന്റെ അനധികൃത ക്വാറി അടച്ചു പൂട്ടാന്‍ ഉത്തരവ്; പാറമടയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കി

തൃശ്ശൂര്‍: വട്ടപ്പാറയില്‍ ഡ്രീം വേള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അനധികൃത പാറമട അടച്ചു പൂട്ടാന്‍ ഉത്തരവ്. പഞ്ചായത്ത് അധികൃതര്‍ പാറമടയുടെ ലൈസന്‍സ് റദ്ദാക്കി. പാണഞ്ചേരി പഞ്ചായത്ത് അധികൃതരാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇന്നുചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാറമടയ്‌ക്കെതിരായ നടപടി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി നാലിന് കളക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ സമരസമിതി തീരുമാനമെടുത്തിരുന്നു.

തൃശ്ശൂര്‍ വട്ടപ്പാറ വനഭൂമിയിലാണ് സെന്റ് ജോസഫ് എന്ന പേരില്‍ പാറമട പ്രവര്‍ത്തിച്ചിരുന്നത്. ആവാസ വ്യവസ്ഥയ്ക്കും സമീപ വാസികള്‍ക്കും ഭീഷണിയായ പാറമടയുടെ, പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡ്രീംവേള്‍ഡ് ഗ്രൂപ്പിന്റെ പാറമട, കയ്യേറ്റ ഭൂമിയിലാണ് ഖനനം നടത്തുന്നതെന്ന് സര്‍വേ വിഭാഗം കണ്ടെത്തിയിരുന്നു.

ഖനനാനുമതി സ്വന്തമാക്കാന്‍ ക്വാറി ഉടമകള്‍ രേഖകളില്‍ കൃത്രിമം കാണിച്ചതായും ജില്ലാ സര്‍വേ സൂപ്രണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്രീംവേള്‍ഡ് ഉടമ സൈമണ്‍ കെ ഫ്രാന്‍സിസിന്റെ ഇടപെടല്‍ മൂലം അധികൃതര്‍ പാറമടയ്‌ക്കെതിരെ നടപടി വൈകിപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ക്വാറിയുടെ ഖനനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ജനുവരി നാലിന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News