സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ സമാപനം; പൊതുചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഐഎം സംഘടനാ പ്ലീനത്തില്‍ പൊതുചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. കേരളത്തെ പ്രതിനിധീകരിച്ച് കെഎന്‍ ബാലഗോപാലും വര്‍ഗ ബഹുജന സംഘടന പ്രതിനിധികളും ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. മൂന്നാമത് അഖിലേന്ത്യാ സംഘടനാ പ്ലീനത്തിന് നാളെ സമാപനമാകും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലും പിബി അംഗം പ്രകാശ് കാരാട്ട് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്‍മേലുമുള്ള ചര്‍ച്ചയില്‍ ഇതുവരെ നാല്‍പ്പതോളം പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് പി.രാജീവ്, കെകെ രാഗേഷ്, ടിഎന്‍ സീമ എന്നിവരാണ് പങ്കെടുത്തത്.

എസ്എഫ്‌ഐ പ്രതിനിധിയായി വി.ശിവദാസനും ഡിവൈഎഫ്‌ഐ പ്രതിനിധിയായി എം.ബി രാജേഷുമാണ് സംസാരിക്കുന്നത്. ചര്‍ച്ച പൂര്‍ത്തിയാക്കി ഉച്ചയോടെ മൂന്നാം ദിനം പ്ലീന നടപടിക്രമങ്ങള്‍ അവസാനിക്കും. ഉച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ക്ക് കൊല്‍ക്കത്തയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം പ്ലീനം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. പ്ലീനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ചര്‍ച്ചയ്ക്കുള്ള മറുപടിയും റിപ്പോര്‍ട്ടും പ്രമേയവും അംഗീകരിക്കലുമാണ് അജണ്ട.

സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നതിനുള്ള ക്രിയാത്മക ചര്‍ച്ചകളാണ് പ്ലീനത്തില്‍ പുരോഗമിക്കുന്നത്. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും കമ്മറ്റികളിലും ഭാരവാഹിത്വത്തിലും പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണം, സമയ ബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കണം, ബഹുജനങ്ങളമായുള്ള ബന്ധം മെച്ചപ്പെടുത്തണം, ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here