തേന്‍മൊഴികളില്‍ നിന്ന് സെക്‌സ് ചാറ്റിംഗിലേക്ക്; മലയാളി ഉദ്യോഗസ്ഥനെ ഐഎസ്‌ഐ വളച്ചത് ‘സുന്ദരിയായ ദാമിനി’യിലൂടെ; രഞ്ജിത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് ഇങ്ങനെ

ദില്ലി: ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മലയാളിയെ പാക് ചാരസംഘടന വളച്ചത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ. ദാമിനി മക്‌നോട്ട് എന്ന പേരിലൂള്ള അക്കൗണ്ട് വഴിയാണ് ഐഎസ്‌ഐ മലപ്പുറം ചെറുകാവ് പുളിക്കല്‍ വീട്ടില്‍ കെ.കെ രഞ്ജിത്തിനെ കുരുക്കില്‍ വീഴ്ത്തിയത്.

ബ്രിട്ടണ്‍ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക എന്ന പേരിലാണ് ‘ദാമിനി’ രഞ്ജിത്തിന് മൂന്നു വര്‍ഷം മുന്‍പ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ദാമിനിയുമായി രഞ്ജിത്ത് അടുത്ത സൗഹൃദത്തിലാവുകയും സെക്‌സ് ചാറ്റിംഗിലേക്ക് അത് നീളുകയുമായിരുന്നു.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക എന്ന പരിചയപ്പെടുത്തിയ ദാമിനി, പിന്നീട് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് തന്റെ ചാറ്റിംഗ് രീതിയും മാറ്റി. ഓണ്‍ലൈന്‍ സൗഹൃദം ഓഡിയോ ചാറ്റിംഗിലേക്കും തുടര്‍ന്ന് ഫോട്ടോ ഷെയറിംഗിലേക്കും നീണ്ടു. അടുത്ത ഘട്ടത്തില്‍ സ്വാഭാവിക ചോദ്യമെന്ന നിലയില്‍ ദാമിനി വ്യോമസേനയെക്കുറിച്ചുള്ള വിവരം രഞ്ജിത്തിനോട് ചോദിക്കുകയായിരുന്നു. മാസികയില്‍ ലേഖനം പ്രസിദ്ധീകരിക്കാമെന്ന വ്യാജേനയാണ് ദാമിനി രഞ്ജിത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. പ്രത്യേക അഭിമുഖം പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞും വിവരങ്ങള്‍ക്ക് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞും അവര്‍ രഞ്ജിത്തിനെ വലയില്‍ വീഴ്ത്തുകയായിരുന്നു.

HONEY TRAP 2

എന്നാല്‍ ഗ്വാളിയറിലെ കോംബാറ്റ് ഡവലപ്‌മെന്റ് ഡിപ്ലോയ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിനെക്കുറിച്ച് ദാമിനി ചോദിച്ചതോടെ രഞ്ജിത്തിന്റെ മനസില്‍ സംശയം ഉടലെടുത്തു. വിവരം കൈമാറാന്‍ വിസമ്മതോടെ ദാമിനിയുടെ സ്വരവും മാറി. തുടര്‍ന്ന് സംസാരം ഭീഷണിയുടെ മട്ടിലായി. അതോടെയാണ് താന്‍ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന് രഞ്ജിത്തിന് മനസിലാകുന്നത്. വ്യാജ അക്കൗണ്ടിനോടാണ് താന്‍ ഇക്കാലമെത്രയും സംസാരിച്ചതെന്നും വിവരങ്ങള്‍ പങ്കുവച്ചതെന്നും രഞ്ജിത്ത് മനസിലാക്കി. എന്നാല്‍ ഭീഷണി കനത്തതോടെ വിവരങ്ങള്‍ സോഷ്യല്‍മീഡിയ വഴി കൈമാറുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

പിന്നീട് രഞ്ജിത്തുമായി ഐഎസ്‌ഐ സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. മൂന്നുവട്ടം ബെല്‍ഗാമില്‍നിന്നും ആറുതവണ ചെന്നൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്നും രഞ്ജിത്ത് വ്യോമസേനയെ സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്‌ഐയ്ക് കൈമാറി. ഇതിനെല്ലാം പ്രതിഫലമായി ഒക്‌ടോബര്‍ മാസത്തില്‍ 30,000 രൂപയും രഞ്ജിത്തിന് ഐഎസ്‌ഐ നല്‍കി. പണം ലഭിച്ചു തുടങ്ങിയതോടെ ഇയാള്‍ ചാരനായി മാറുകയായിരുന്നു. രഞ്ജിത്തിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വ്യോമസേന തുടര്‍ന്ന് രഹസ്യമായി ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങുകയായിരുന്നു.

ചാരനെന്ന് ബോധ്യപ്പെട്ടതോടെയാണ് രഞ്ജിത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത ഇയാളെ ദില്ലിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പഞ്ചാബിലെ ഇന്തോപാക് അതിര്‍ത്തിക്ക് സമീപമുള്ള ബട്ടിണ്ട എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ലീഡിംഗ് എയര്‍ക്രാഫ്റ്റ് മാനായിരുന്നു രഞ്ജിത്. യുദ്ധവിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം രഞ്ജിത്തിന് അറിയാം. കുറ്റാരോപിതനായ രഞ്ജിത്തിനെ ഇന്നലെ തന്നെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്ത് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

നേരത്തെ ബിഎസ്എഫ് കോണ്‍സ്റ്റബിളും സൈനികനുമടക്കം ആറുപേരെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യയുടെ ആയുധ ശേഖരത്തെപ്പറ്റിയും പ്രതിരോധ രഹസ്യങ്ങളും ഇവര്‍ പാകിസ്താന് കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, രഞ്ജിത്തിന് ഇവരുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News