കോണ്‍ഗ്രസില്‍ ഐക്യമുണ്ടാകാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് സോണിയയോട് ഘടകകക്ഷികള്‍; അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും; പരിഹരിക്കാമെന്ന് സോണിയയുടെ ഉറപ്പ്

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഘടകകക്ഷി നേതാക്കള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം, മുസ്ലിംലീഗ്, ജെഡിയു, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ ഘടകകക്ഷി നേതാക്കള്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നാട്ടകം ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.

കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. തന്റെ കേസിനെ പറ്റി സോണിയയോട് സംസാരിച്ചിട്ടില്ല. രമേശ് ചെന്നിത്തലയുടെ കത്തിനെ പറ്റിയാണ് സംസാരിച്ചത്. കോണ്‍ഗ്രസില്‍ ഐക്യമുണ്ടാകാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും മാണി സോണിയയെ അറിയിച്ചു. കോട്ടയത്തെത്തിയ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കേസെടുത്തത് ശരിയായില്ലെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ് ലിം ലീഗ് സോണിയയോട് ആവശ്യപ്പെട്ടു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കത്തിനെതിരെ ആര്‍എസ്പിയും ജെഎസ്എസും സോണിയയോട് പരാതി ഉന്നയിച്ചു. ഗ്രൂപ്പു തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കുമെന്ന് ഘടകകക്ഷികള്‍ ഒന്നടങ്കം സോണിയാഗാന്ധിയെ അറിയിച്ചു.

ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ സോണിയ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷമാണ് കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷനും അടക്കമുള്ള പ്രമുഖ നേതാക്കള്‍ അവര്‍ക്കൊപ്പം കോട്ടയത്ത് എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News