തോട്ടം മേഖലയെ രക്ഷിക്കാന്‍ വേണ്ടത് ചെറുകിട ഉദ്പാദക കൂട്ടായ്മ; പ്രതിസന്ധിക്ക് കാരണം ആസിയാന്‍ കരാര്‍ എന്നും നാലാം കേരള പഠന കോണ്‍ഗ്രസ് രേഖ

തിരുവനന്തപുരം: തോട്ടം മേഖലയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ചെറുകിട ഉല്‍പ്പാദകരുടെ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കണമെന്ന് നാലാം അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ക്കായി തയാറാക്കിയ പ്ലാന്റേഷന്‍ മേഖലയെ സംബന്ധിക്കുന്ന രേഖ. കേരളത്തിലെ തോട്ടംമേഖലയില്‍ സമീപകാലത്തുണ്ടായ വിലത്തകര്‍ച്ചയ്ത്ത് കാരണം ആസിയാന്‍ കരാറാണ് എന്നും പഠന കോണ്‍ഗ്രസ് രേഖ കുറ്റപ്പെടുത്തുന്നു.

ആസിയാന്‍ കരാറിനെതിരെ 2009ല്‍ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ പരിഹസിക്കാനാണ് യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവര്‍ തയാറായത്. സ്വതന്ത്രവ്യാപാരത്തിന്റെ വാഗ്ദാനം നല്‍കി അനീതിപൂര്‍വമായ വ്യാപാരത്തിലേക്ക് രാജ്യത്തെ നയിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് കേരളത്തിലെ തോട്ടംമേഖല ഇന്ന് നേരിടുന്നത് എന്നും പഠന കോണ്‍ഗ്രസ് രേഖ ചൂണ്ടിക്കാട്ടുന്നു.

‘ലോകവ്യാപാരസംഘടനയും സ്വതന്ത്രവ്യാപാര ഉടമ്പടികളും വന്‍കിടമൂലധനത്തിന്റെ സംരക്ഷണത്തിനുവേണ്ടി മാത്രമേ നിലകൊള്ളുകയുള്ളു എന്ന യാഥാര്‍ഥ്യം മനസിലാക്കി ചെറുകിട ഉല്‍പ്പാദകരെ സംഘടിപ്പിക്കേണ്ടതുണ്ട്. പ്രാഥമിക ഉല്‍പ്പാദകരെ ചൂഷണംചെയ്ത് വിലയും കൂലിയും കുറയ്ക്കുന്ന അന്താരാഷ്ട്രകരാറുകള്‍ക്ക് ബദലുകള്‍തേടണം. സ്വാഭാവികറബ്ബറിന്റെ മേഖലയില്‍ പരീക്ഷിച്ചുവിജയിച്ച ഉല്‍പ്പാദകരുടെ സഖ്യങ്ങള്‍ പ്രാഥമിക ഉല്‍പ്പാദകരുടെ രംഗത്തും പരീക്ഷിച്ചുനോക്കാവുന്നതാണ്.’ – അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് രേഖ വ്യക്തമാക്കുന്നു.

ആഗോളീകരണകാലത്തെ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൃഷിക്കാരുടെയും തൊഴിലാളികളുടെയും സംഘടനകള്‍ നേതൃത്വം നല്‍കണം. ലോകബാങ്കിന്റെയും മറ്റും സഹായംവാങ്ങി പരസ്പരം മല്‍സരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ അധികലഭ്യതയാണ് റബ്ബര്‍വിപണിയുടെ തകര്‍ച്ചയ്ക്ക് വഴിതെളിച്ചത്. അന്തര്‍ദേശീയ വിപണിയിലെ അധികറബ്ബര്‍ പ്രമുഖ ഉല്‍പ്പാദകരാജ്യങ്ങള്‍ ചേര്‍ന്ന് കമ്പോളത്തില്‍ നിന്നും വാങ്ങി ഒരു കരുതല്‍ശേഖരം ഉണ്ടാക്കിയാല്‍ വില ഉയരുമെന്നും പഠന കോണ്‍ഗ്രസ് രേഖയില്‍ പറയുന്നു.

സര്‍ക്കാരുകള്‍ റബ്ബര്‍ സംസ്‌കരണ വിപണനകുത്തകകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. റബ്ബര്‍ ഉല്‍പ്പാദകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ കൃഷിക്കാര്‍ക്കൊപ്പം നിര്‍ത്താന്‍ കൃഷിക്കാര്‍ക്കും അവരുടെ സംഘടനകള്‍ക്കും കഴിയേണ്ടതാണ്.

റബ്ബറിന്റെ കാര്യത്തിലെന്നപോലെ മറ്റ് തോട്ടവിളകളുടെ കാര്യത്തിലും ഇത്തരം അന്താരാഷ്ട്രകൂട്ടായ്മകള്‍ക്ക് രൂപം നല്‍കാന്‍ കഴിയും. ഇതിന് തയാറാവാത്ത ദേശീയ സര്‍ക്കാരുകള്‍ക്കെതിരായ സമരത്തിലൂടെയും അന്താരാഷ്ട്രകൂട്ടായ്മകള്‍ക്ക് രൂപം നല്‍കാം. ഇതുണ്ടായാല്‍ റബ്ബറിന് ന്യായവില കിട്ടും.

പ്രാഥമികോല്‍പ്പാദനരംഗത്ത് സംസ്‌കരണവിപണനകുത്തകവിപണിക്ക് പുറത്ത് സമാന്തര വിപണികളെ പ്രോല്‍സാഹിപ്പിക്കണം. ജൈവോല്‍പ്പന്ന വിപണികള്‍, നീതിപൂര്‍വം വ്യാപാരം ചെയ്യുന്നവര്‍ക്കുള്ള സംവരണ വിപണികള്‍, ബ്രാന്‍ഡുകള്‍ എന്നിവ വളര്‍ത്തിയെടുക്കണം.

കൃഷിക്കാരുടെ സംസ്‌കരണവിപണന സൊസൈറ്റികളെയും കമ്പനികളെയും പ്രോല്‍സാഹിപ്പിക്കണം. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം. വിലസ്ഥിരതാ ഫണ്ട്, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കേരള പഠന കോണ്‍ഗ്രസ്സിലെ വികസന രേഖ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്താണ് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 48 സമാന്തര സെഷനുകളും 4 സിമ്പോസിയങ്ങളും പഠന കോണ്‍ഗ്രസിന്റെ ഭാഗമാണ്. വിവിധ വിഷയങ്ങളില്‍ 500ലേറെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് എകെജി പഠന ഗവേഷണ കേന്ദ്രമാണ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News