സംഘടനാ പ്ലീനത്തില്‍ പൊതുചര്‍ച്ച പൂര്‍ത്തിയായി; വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും

കൊല്‍ക്കത്ത: സിപിഐഎം സംഘടനാ പ്ലീനത്തില്‍ പ്രമേയത്തിലും റിപ്പോര്‍ട്ടിന്‍മേലുമുള്ള പൊതുചര്‍ച്ച പൂര്‍ത്തിയായി. 62 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വനിത അംഗങ്ങളുടെ എണ്ണം 25 ശതമാനമായി ഉയര്‍ത്തുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് മറുപടി തയ്യാറാക്കാന്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു.

പാര്‍ട്ടി ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലും പിബി അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലും മൂന്നു ദിവസമായി തുടരുന്ന ചര്‍ച്ച ഉച്ചയോടെ പൂര്‍ത്തിയായി. കേരളത്തില്‍ നിന്നും നാല് പ്രതിനിധികള്‍ ഉള്‍പ്പെടെ 62 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Subhashini-Ali

കെഎന്‍ ബാലഗോപാല്‍, ടിഎന്‍ സീമ, പി രാജീവ്, കെകെ രാഗേഷ് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. എസ്എഫ്‌ഐക്കു വേണ്ടി വി ശിവദാസനും ഡിവൈഎഫ്‌ഐയെ പ്രതിനിധീകരിച്ച് എംബി രാജേഷും സംസാരിച്ചു. റിപ്പോര്‍ട്ടിന്‍മേലും പ്രമേയത്തിലും ചില ഭേദഗതി നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നു.

ചര്‍ച്ചകളും വിമര്‍ശനങ്ങളും ക്രിയാത്മകമാണെന്നും സംഘടയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ചര്‍ച്ച പൂര്‍ത്തിയായതിനു ശേഷം മാധ്യമങ്ങളെ കണ്ട പ്രകാശ് കാരാട്ട് പറഞ്ഞു. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ വനിത അംഗങ്ങളുടെ പ്രാതിനിത്യം 25 ശതമാനമായി ഉയര്‍ത്തുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കാര്യക്ഷമമാക്കുന്നതിനും ഊന്നല്‍ നല്‍കുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കുള്ള മറുപടിയും പ്രമേയവും റിപ്പോര്‍ട്ടും അംഗീകരിക്കലുമാണ് അവസാന ദിവസത്തെ അജണ്ട.

സംഘടനയെ ശക്തിപ്പെടുത്തുക എന്ന പ്ലീനത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുന്നതിന് ഉത്തജനം പകരുന്ന വിമര്‍ശനവും സ്വയം വിമര്‍ശനവും നിര്‍ദ്ദേശങ്ങളും ഭേദഗതികളുമാണ് പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നത്. പ്ലീനത്തിന് പരിസമാപ്തി കുറിക്കുമ്പോള്‍ പുതിയ ഊര്‍ജ്ജം കൈവരിച്ചു കൊണ്ടായിരിക്കും പാര്‍ട്ടിയുടെ മുന്നോട്ട് പോക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News