കണ്‍സ്യൂമര്‍ ഫെഡില്‍ കൂട്ടരാജി; രാജി അഴിമതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡില്‍ കൂട്ട രാജി. കണ്‍സ്യൂമര്‍ ഫെഡില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച എന്‍ക്വയറി കമ്മിഷന്‍ ജനുവരി 5ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് ബോര്‍ഡ് ആംഗങ്ങളോട് രാജി വയ്ക്കാന്‍ സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയച്ചതിനെ തുടര്‍ന്നാണ് കൂട്ട രാജി.

കണ്‍സ്യൂമര്‍ ഫെഡില്‍ 364 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ടുമായിരുന്നു വി ശിവന്‍കുട്ടി എംഎല്‍എ സര്‍ക്കാരിന് പരാതി നല്‍കിയത്. 100 കോടിയുടെ അഴിമതി നടന്നുവെന്ന് മുന്‍ എംഡി ടോമിന്‍ തച്ചങ്കരിയും സതീശന്‍ പാച്ചേനിയും അടക്കമുള്ളവര്‍ കണ്ടെത്തി.

മുന്‍ ചെയര്‍മാന്‍ ജോയ് തോമസ് അടക്കമുള്ള പല ബോര്‍ഡ് അംഗങ്ങള്‍ക്കും അഴിമതിയില്‍ പങ്കുള്ളതായും തെളിഞ്ഞു. തുടര്‍ന്ന് 2 മാസം മുമ്പ് കണ്‍സ്യൂമര്‍ ഫെഡ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധങ്ങളും ഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് അഴിമതിയെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

സഹകരണ രജിസ്ട്രാറായ സെല്‍വരാജിന്റെ നേതൃത്വത്തില്‍ 65 എന്‍ക്വയറി കമ്മിഷന്‍ എന്ന പേരിലാണ് അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ട് ജനുവരി 5ന് സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെയാണ്, ഒരാള്‍ ഒഴികെയുള്ള അഞ്ച് യുഡിഎഫ് അംഗങ്ങള്‍ രാജി വച്ചത്. ഇതില്‍ പ്രസിഡന്റ് ജോയ് തോമസും ഉള്‍പ്പെടുന്നു.

അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്‍സ്യൂമര്‍ഫെഡില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോയ് തോമസ് അടക്കമുള്ളവര്‍ക്ക് നേരിട്ട് പങ്കുള്ളതായും പറയപ്പെടുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ സ്വഭാവികമായും ബോര്‍ഡിനെ പിരിച്ചുവിടും.

പിരിച്ചു വിടല്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയുള്ള ഗൗരവപരമായ നടപടി ആയതിനാല്‍ ഇപ്പോഴുള്ള ബോര്‍ഡംഗങ്ങള്‍ക്ക് പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല. ഇത് മുന്‍ കൂട്ടി കണ്ടാണ് കൂട്ട രാജി നാടകം അരങ്ങേറിയത്.

കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണനെ പ്രതിയാക്കി മലയാളവേദി എന്ന സാംസ്‌കാരിക സംഘം തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

മുഴുവന്‍ തെളിവുകളും ജനുവരി 7 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതുമായി ചേര്‍ത്ത് വായിച്ചാല്‍ വകുപ്പ് മന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും സഹകരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യുഡിഎഫ് അംഗങ്ങള്‍ കൂട്ട രാജി വച്ചതെന്നും ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News