വീട്ടമ്മയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തി; കോട്ടയം ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വീട്ടമ്മയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ കോട്ടയം ഡിവൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍. ഡിവൈ.എസ്.പി ടി.എ ആന്റണിയെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. മണിമല സ്വദേശിയായ വീട്ടമ്മ കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ടൗണിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഡിജിപി ടി.പി സെന്‍കുമാറിന് കൈമാറുകയും ചെയ്തു.

സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടമ്മയെ ഡിവൈ.എസ്.പി ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തുകയായിരുന്നു. മാനഭംഗത്തിനിരയായ വീട്ടമ്മ സംഭവം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ വര്‍ഷങ്ങളായി വീട്ടമ്മയുമായി പരിചയമുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് അവര്‍ ചെയ്തതെന്നുമാണ് ഡിവൈ.എസ്.പി. മേലുദ്യോഗസ്ഥര്‍ക്കു നല്‍കിയ വിശദീകരണം. ഓഫീസ് സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വീട്ടമ്മയെ വിളിച്ചുവരുത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here