കടല്‍ക്കൊലക്കേസിലും മോദിയുടെ കളി; യൂറോപ്യന്‍യൂണിയന്‍ ഉച്ചകോടിക്കു പോകും മുമ്പു പ്രതികളായ നാവികരെ വിട്ടയക്കാന്‍ നീക്കം; ഇറ്റലിയുമായി രഹസ്യചര്‍ച്ച

ദില്ലി: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വമ്പന്‍ സ്വീകരണം ലഭിക്കാന്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യനീക്കം. യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പു പരിഹരിച്ച് അടുത്തവര്‍ഷം ആദ്യം ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്രമോദിക്കു സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇതിനായി ഇറ്റലിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രഹസ്യ ചര്‍ച്ച ആരംഭിച്ചു.

നാവികരിലൊരാളെ ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാലും മറ്റൊരു നാവികന്‍ ഇറ്റലിയാണെങ്കിലും കേസില്‍നിന്ന് ഒഴിവാക്കാത്തതിലും ഇന്ത്യയ്ക്കു മേല്‍ യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദം ശക്തമാണ്. ലോകത്തെ ആണവ, ആയുധ ദാതാക്കളുടെ സംഘങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തെ ഇറ്റലിയും യൂറോപ്യന്‍ യൂണിയനും ശക്തമായി എതിര്‍ത്തു വരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിയുമായി രഹസ്യ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. കേസില്‍ അന്തിമവിധി എതിരായാല്‍ നാവികരെ ഇന്ത്യക്കു കൈമാറണമെന്നായിരിക്കും ഉപാധി.

ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പിലെയും മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീമിലെയും ഇന്ത്യയുടെ അംഗത്വത്തിന് ഇറ്റലി ഉന്നയിച്ചിരിക്കുന്ന എതിര്‍പ്പ് പിന്‍വലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ലോകത്തെ ആണവോര്‍ജ ദാതാക്കളുടെ നാലു സംഘടനകളിലും നിര്‍ണായക പങ്ക് ഇറ്റലിക്കുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് എംടിസിആറില്‍ ഇന്ത്യയുടെ അംഗത്വത്തിനെതിരെ ഇറ്റലി വോട്ട് ചെയ്തത്. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കു നീക്കാനും ഇന്ത്യ ആവശ്യപ്പെടും. ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കുകയാണെങ്കില്‍ നാവികരെ വിട്ടയക്കുന്നതു സംബന്ധിച്ച് ഇറ്റലി കോടതിയില്‍ വാദിച്ചാല്‍ എതിര്‍ക്കില്ലെന്നാണ് കേന്ദ്ര നിലപാട്.

ഉപാധികള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചേക്കുമെന്നാണ് സൂചന. പ്രതികളിലൊരാളായ നാവികന്‍ സാല്‍വത്തോറെ ലിയോണ്‍ ആരോഗ്യപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇറ്റലിയില്‍തന്നെയാണുള്ളത്. ചികിത്സാര്‍ഥം ഇന്ത്യയില്‍നിന്ന് ഇറ്റലിയിലേക്കുപോകാന്‍ അനുമതി നല്‍കുകയായിരുന്നു. മറ്റൊരു നാവികനായ മാസിമിലാനോ ലത്തോറെ ഇപ്പോഴും ഇന്ത്യയിലുണ്ട്. യൂറോപ്യന്‍ യൂണിയന്റെയും ഇറ്റലിയുടെയും സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാല്‍ മാസിമിലാനോ ലത്തോറെയെയും ഇന്ത്യ ഉടന്‍ ഇറ്റലിക്കു കൈമാറും.

അടുത്ത വര്‍ഷം പകുതിക്കു മുമ്പായി ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കും. യൂറോപ്യന്‍ യൂണിയനുമായി തമ്മില്‍ വന്‍ വ്യാപാരക്കരാറുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2012 ഫെബ്രുവരി പതിനഞ്ചിനാണ് കൊല്ലം നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി ബോട്ടിലെ ജീവനക്കാരായ കൊല്ലം മൂദാക്കര സ്വദേശി വാലന്റൈന്‍, തമിഴ്‌നാട് ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവര്‍ മരിച്ചത്. ലക്ഷദ്വീപ് തീരത്തുകൂടി പോയ എന്റിക്ക ലെക്‌സി എന്ന കപ്പലിലെ നാവികരാണ് വെടിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News