ദുരൂഹതകള്‍; ക്രൂരത; വഴിത്തിരിവുകള്‍; അര്‍ദ്ധരാത്രിയിലെ കോടതി; അസഹിഷ്ണുതയുടെ ഇരകള്‍; പൊളിഞ്ഞുവീണ മുഖങ്ങള്‍: ക്രൈംഫയല്‍ 2015

പതിവിനുമപ്പുറം വ്യത്യസ്ഥമായ സംഭവങ്ങള്‍കൊണ്ട് ബഹുലമായിരുന്നു 2015ലെ കുറ്റക്യത്യങ്ങളുടെ ലോകം. പിടികിട്ടാപ്പുളളികളെ മുതല്‍ പൊതുസമൂഹത്തില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് വിഹരിച്ച ചെന്നായ്ക്കളെവരെ നിയമത്തിന്റെ മുന്നില്‍ എത്തിച്ച വര്‍ഷമാണ് 2015.

കൊക്കെയ്ന്‍ മയക്കിയ ജനുവരി

shine-tom-chacko

നിശാപാര്‍ട്ടികളിലെ മയക്കുമരുന്ന് ഉപയോഗവും പൊലീസ് പരിശോധനയുമൊക്കെയായാണ് 2015 ജനുവരി ആരംഭിച്ചത്. കൊച്ചി കേന്ദ്രമാക്കിയ അന്വേഷണത്തില്‍ പിടിയാലായത് സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയും സംഘവും. നടന്‍ പിടിയിലായതോടെ കൊക്കെയന്‍ വാര്‍ത്തകളുമായി സജിവമായിരുന്നു 2015 ആദ്യ നാളുകള്‍. ഷൈനൊപ്പം കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, ബാംഗ്ലുര്‍ സ്വദേശിനി ബ്ലെസി സില്‍വസ്റ്റര്‍, കാഞ്ഞിരപ്പിള്ളി സ്വദേശിനി സ്‌നേഹ ബാബു, കരുനാഗപ്പള്ളി സ്വദേശിനി ടിന്‍സി ബാബു എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറുപത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഷൈന്‍ ടോം പുറത്തിറങ്ങി.

പിടികിട്ടാപ്പുളളി പ്രധാന താരം

aadu-antony

മൂന്ന് വര്‍ഷമായി മുങ്ങിനടന്ന പിടികിട്ടാപ്പുളളി ആട് ആന്റണിയാണ് 2015ലെ മറ്റൊരു പ്രധാന താരം. വേഷം മാറാന്‍ വിദഗ്ദനായ ആട് ആന്റണിയെ അതിവിദഗ്ദ്ധമായാണ് കേരളാ പൊലീസ് വലയിലാക്കിയത്. മോഷണം, കൊലപാതകം എന്നിവയുള്‍പ്പെടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളില്‍ പ്രതിയായ ആട് ആന്റണി ഒക്‌ടോബറില്‍ പാലക്കാടുനിന്ന് കേരളാ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പിന്നീട് ആടിനെപ്പറ്റി കേട്ട കഥകള്‍ സിനിമയെ വെല്ലുന്നതാണ്. ഇരുപതിലധികം ഭാര്യമാരാണ് ആട് ആന്റണിക്കുള്ളതെന്ന്് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആടിനെ മോഷ്ടിച്ച് തുടക്കമിട്ട ആന്റണി ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കവരുന്നതില്‍ വിദഗ്ദ്ധനാവുകയായിരുന്നു. എന്നാല്‍ ആട് ആന്റണിയെയും തോല്‍പ്പിക്കുന്ന വേദവ്യാസ രമേശന്റെ മോഷണ കഥകളും തെല്ലതിശയത്തോടെ കേരളം കേട്ടു. നാടകത്തെ മറയാക്കി മോഷണം നടത്തി കോടികള്‍ സംമ്പാദിച്ച ആറ്റിങ്ങലിലെ വേദവ്യാസ എന്ന നാടക ട്രൂപ്പ് ഉടമ രമേശനും 2015 കണ്ട വ്യത്യസ്തനായ കളളനാണ്.

ഉത്തരം കിട്ടാത്ത ദുരൂഹത

konni-girls-death

കോന്നി സ്വദേശിനികളായ മൂന്നുപെണ്‍കുട്ടികളുടെ തിരോധാനവും മരണവും 2015ലെ ഉത്തരം കിട്ടാത്ത ദുരൂഹതയാണ്. ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ബന്ധുക്കള്‍. പത്തനംതിട്ട കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥിനികളായ ഐരവന്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (17), കോന്നി തെക്കുംകാവ് പുത്തന്‍പറമ്പ് വീട്ടില്‍ സുജാതയുടെ മകള്‍ രാജി (16), കോന്നി ഐരവന്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കെ. സുരേഷിന്റെ മകള്‍ ആര്യ16) എന്നിവരാണ് മരിച്ചത്. പാലക്കാടിന് സമീപംവെച്ച് പെണ്‍കുട്ടികളെ ട്രെയിനില്‍നിന്ന് ചാടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍, ടാബ്ലെറ്റ് തുടങ്ങി സൈബര്‍ സെല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബംഗളുരുവരെ നീണ്ടെങ്കിലും പെണ്‍കുട്ടികള്‍ വീടുവിടാനുണ്ടായ സാഹചര്യവും മരണവും ദുരൂഹതയായി തുടരുന്നു.

കേരളം കണ്ട വലിയ ക്രൂരത

nissam

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വിവാദ വ്യവസായി നിസാം ക്രൂരമായി കൊലപ്പെടുത്തിയതാണ് 2015ല്‍ കേരളം കണ്ട വലിയ ക്രൂരത. മാധ്യമ ശ്രദ്ധകൊണ്ട് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടിവന്ന കേസുകൂടിയാണിത്. നിസാം മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രം. ജനുവരി 29നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിംഗ് ഗ്രൂപ്പിന്റെ ഉടമയായ നിസാം വേറെയും കേസുകളില്‍ പ്രതിയാണ്. ചന്ദ്രബോസ് വധക്കേസില്‍ ജയില്‍വാസം തുടരുന്ന നിസാമിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.

സിസ്റ്റര്‍ അമല കൊലപാതകവും വഴിത്തിരിവും

sister-amala

സിസ്റ്റര്‍ അമല കൊലപാതകവും കൊലപാതക പട്ടികയില്‍ ശ്രദ്ധേയമായി. പാലാ ലിസ്യൂ മഠത്തില്‍ സിസ്റ്റര്‍ അമല ( 69)യെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയായ സതീഷ് ബാബു എന്നയാളെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ആശ്രമ വാസിയായി രക്ഷപെടാന്‍ ശ്രമിക്കവെയാണ് അറസ്റ്റുണ്ടാകുന്നത്. എന്നാല്‍ ഈരാറ്റുപേട്ട ചേറ്റുതോട് തിരുഹൃദയ മഠത്തിലെ സിസ്റ്റര്‍ ജോസ്മരിയ ഇരുപ്പക്കാട്ടിനെ (81) ആറു മാസം മുമ്പ് തലക്കടിച്ച് കൊന്നത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സതീഷ് ബാബു കുറ്റം സമ്മതിച്ചതാണ് കേരളം കണ്ട വഴിത്തിരിവ്. ജോസ്മരിയയുടേത് അപകടമരണമെന്നനിലയില്‍ എഴുതിതളളി മാസങ്ങള്‍ പിന്നിട്ട ശേഷം കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകം

haneefa-murder-case

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ടതാണ് ശ്രദ്ധേയമായ മറ്റൊരു കൊലപാതകം. കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്താല്‍ അല്ലെന്ന് വാദമുണ്ടായെങ്കിലും ഹനീഫ കൊല്ലപ്പെട്ടത് ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ടാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗോപപ്രതാപന്‍, മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ആരോപണമുയര്‍ന്ന കൊലപാതകക്കേസാണിത്. ഒളിവിലായിരുന്ന പ്രതികളെ നാട്ടുകാര്‍ പിടികൂടിയത് പൊലീസിന് നാണക്കേടായി.

അര്‍ദ്ധരാത്രിയിലെ കോടതി

yakub-memon-sc

മുംബൈ സ്‌ഫോടന കേസിലെ പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട് അര്‍ദ്ധരാത്രിയിലെ കോടതി നടപടികള്‍ക്കും 2015 സാക്ഷിയായി. ജൂലൈ 30ന് പുലര്‍ച്ചെ 54-ാം ജന്മദിനത്തിലാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. 1993 ഏപ്രില്‍ 12ന് 250ലധികം പേര്‍ മരിച്ച മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമന് പ്രത്യേക ടാഡ കോടതി 2007 തന്നെ വധശിക്ഷ വിധിച്ചിരുന്നു.

ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയാണ്. ദയാഹര്‍ജി തളളിയതിലെ മാനദണ്ഡങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മേമന്‍ അവസാന രാത്രി കോടതിയെ സമീപിച്ചതോടെ ചരിത്രത്തിലിടം നേടിയ കോടതി നടപടികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.

അസഹിഷ്ണുതയുടെ ഇരകള്‍

dradri beef murder

ബീഫ് കൊലപാതകം, പന്‍സരെ കൊലപാതകം, കല്‍ബുര്‍ഗി കൊലപാതകം എന്നിവ ദേശിയ തലത്തില്‍ പ്രതിഷേധം ആളിക്കത്തിച്ച മരണങ്ങളായി. നരേന്ദ്ര ധാ ബോല്‍കറിന് പിന്നാലെ രാജ്യത്തുയര്‍ന്ന വന്ന അസഹിഷ്ണുതയുടെ ഇരകളായിമാറി കൊല്ലപ്പെട്ട മുവരും. സെപ്തംബര്‍ 28നാണ് ബീഫ് വിളമ്പിയെന്ന പേരില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടം ദാദ്രി സ്വദേശി മുഹമ്മദ് അഖ്‌ലഖിനെ(55) തല്ലിക്കൊല്ലുകയും മകന്‍ ഡാനിഷിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കഴിഞ്ഞ ആഗസ്ത് 30നാണ് ധാര്‍വാഡിലെ വസതിയില്‍ കന്നഡ പുരോഗമന സാഹിത്യക്കാരന്‍ എം.എം കല്‍ബുര്‍ഗിയെ അജ്ഞാതസംഘം വെടിവെച്ച് കൊന്നത്. ഗോവീന്ദ് പന്‍സാരെ ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ടത്. മതവര്‍ഗീയതക്കെതിരേ നടത്തിയ പൊരാട്ടങ്ങള്‍ ഇരുവരുടേയും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

പൊളിഞ്ഞുവീണ മുഖങ്ങള്‍

rahul-11

ചുംബന സമര വ്യക്താക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണവാണിഭക്കേസില്‍ പിടിയിലായ വാര്‍ത്ത ചുംബന സമരം പോലെ തന്നെ കേരളത്തില്‍ അലയടിച്ചു. മുഖംമുടികള്‍ പൊളിഞ്ഞു വീണതോടെ പെണവാണിഭ സൈറ്റുകള്‍ക്കും വിലക്ക് വീണു. രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും ഒട്ടേറെപ്പേരെ ബ്ലാക്ക് മെയിലിംഗിന് ഇരയാക്കി പെണവാണിഭത്തിന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

വന്‍തുകയ്ക്ക് ഭാര്യയും മോഡലുമായ രശ്മി ആര്‍ നായരെ രാഹുല്‍ പശുപാലന്‍ പലര്‍ക്കും കാഴ്ചവെച്ചിരുന്നതായും പൊലീസ് പറയുന്നു. പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തുന്നതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന വന്‍ സംഘവും ഇവര്‍ക്കൊപ്പം പിടിയിലായതോടെ 2015ലെ പെണ്‍വാണിഭക്കേസും താരനിബിഡമായി.

വനിതാ കുറ്റവാളി

saranya

സോളാര്‍, ബാര്‍കോഴ എന്നിവയ്ക്ക് പിന്നാലെ രണ്ടാം സോളാര്‍ എന്നുവിളിക്കപ്പെട്ട നിയമനത്തട്ടിപ്പ് കേസ് രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വഴിയൊരുക്കി. ശരണ്യ എന്ന തട്ടിപ്പുകാരിയുടെ നേതൃത്വത്തിലാണ് തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തര മന്ത്രിക്കെതിരെ വരെ ആരോപണങ്ങള്‍ നീളുന്ന കേസാണ് നിയമനത്തട്ടിപ്പ് കേസ്. പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്നും വന്‍തുക തട്ടിയെടുക്കുകയായിരുന്നു സംഘം. പൊലീസ് ആസ്ഥാനത്ത് നിന്നും പി.എസ്.സി ഓഫീസില്‍ നിന്നും തനിക്ക് സഹായം ലഭിച്ചുവെന്നും പ്രതി ശരണ്യ കോടതിയില്‍ മൊഴിനല്‍കി.

ആഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ക്യാമ്പ് ഓഫീസിലെ ജീവനക്കാരും മന്ത്രിയുടെ അടുപ്പക്കാരനായ പ്രാദേശിക നേതാവും ജോലി തട്ടിപ്പിന് സഹായം ചെയ്തുവെന്നാണ് ശരണ്യയുടെ മറ്റൊരാരോപണം. പൊലീസുകാര്‍ ഉള്‍പ്പടെയുളളവര്‍ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തിയ ശരണ്യ
മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്.

ചാവേര്‍ ഭീകരത

Paris-Attack

പാരീസ് ചാവേര്‍ ആക്രമണമാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം. നൂറിലധികം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായി. തോക്കുമായെത്തിയ അക്രമികള്‍ ഒരേ സമയം ഫ്രാന്‍സിന്റെ വിവിധഭാഗങ്ങളിള്‍ ആക്രമണം അഴിച്ചുവിട്ടു. ബന്ദിയാക്കലുകളും സ്‌ഫോടനങ്ങളും ചാവേറാക്രമണങ്ങളും ഫ്രാന്‍സിനെ നടുക്കി. ബാറ്റാക്ലാന്‍ മ്യൂസിക് ഹാളിളുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 127 പേരാണ് കൊല്ലപ്പെട്ടത്. ജനുവരിയില്‍ ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസിന് നേരെയും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണമുണ്ടായി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നതും 2015ലാണ്.

ഡിസംബര്‍ നീതി

nirbhaya-case

നിര്‍ഭയ പീഡനക്കേസിലെ കുട്ടികുറ്റവാളി ജയില്‍ മോചിതനായത് ഡിസംബര്‍ അവസാന ദിവസങ്ങളിലാണ്. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനിടെയാണ് മോചനമുണ്ടായത്. മൂന്നു വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയായെങ്കിവും കുട്ടികുറ്റവാളിയെന്ന പരിഗണന പ്രതി അര്‍ഹിക്കുന്നില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പ്രതിയുടെ മോചനത്തിനെതിരായി വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലനീതി നിയമം കര്‍ശമമാക്കണമെന്ന ആവശ്യം ശക്തമായതിനിടെ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത് 2015 സമ്മാനിച്ച ശുഭപ്രതീക്ഷയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here