സംഘടനയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി കൊല്‍ക്കത്ത പ്ലീനം; പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തും; സംഘടനാ റിപ്പോര്‍ട്ടിനും പ്രമേയത്തിനും ഭേദഗതികളോടെ പ്ലീനത്തിന്റെ അംഗീകാരം

കൊല്‍ക്കത്ത: സംഘടനാ റിപ്പോര്‍ട്ടിനും സംഘടനാ പ്രമേയത്തിനും പ്ലീനത്തിന്റെ അംഗീകാരം. പൊതു ചര്‍ച്ചയില്‍ ഉയര്‍ന്ന ചില ഭേദഗതികളും പ്ലീനം അംഗീകരിച്ചു. പ്രമയത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നല്‍കി.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും ലംഘിച്ചാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഗീയതയെ നേരിടാന്‍ ശക്തി നല്‍കുന്നതാണ് പ്ലീനം. മെച്ചപ്പെട്ട ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലം കഴിഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.

രാജ്യത്ത് പുതിയ ബദല്‍ നയങ്ങല്‍ സിപിഐഎം മുന്നോട്ടുവെയ്ക്കും. മെച്ചപ്പെട്ട ഇന്ത്യയ്ക്കായുള്ള പോരാട്ടം തുടരും. ജനകീയ അടിത്തറയുള്ള പാര്‍ട്ടിയായി സിപിഐഎം മുന്നോട്ടു പോകും എന്നും യെച്ചൂരി പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിന് പിബി അംഗം പ്രകാശ് കാരാട്ടും മറുപടി നല്‍കി. പാര്‍ട്ടിയിലും നേതൃത്വത്തിലും യുവ പ്രാതിനിധ്യം ഉയര്‍ത്തുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ആകെ 62 പ്രതിനിധികളാണ് പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്. സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ 191 ഭേദഗതികളാണ് സ്റ്റിയറിംഗ് കമ്മിറ്റി മുമ്പാകെ വന്നത്. ഇതില്‍ 36 ഭേദഗതികള്‍ക്ക് പ്ലീനം അംഗീകാരം നല്‍കി. 73 ഭേദഗതികളും നിര്‍ദ്ദേശങ്ങളുമാണ് സംഘടനാ പ്രമേയത്തിന്മേല്‍ വന്നത്. ഇതില്‍ ആറ് എണ്ണത്തിനും പ്ലീനം അംഗീകാരം നല്‍കി.

മണിക് സര്‍ക്കാര്‍ അധ്യക്ഷനായ പ്രസീഡിയം പ്രതിനിധികള്‍ക്ക് മുമ്പാകെ ഭേദഗതികള്‍ വോട്ടെടുപ്പിന് നിര്‍ദേശിച്ചു. അംഗീകരിച്ച ഭേദഗതികള്‍ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ടിനും പ്രമേയത്തിനുമാണ് പ്ലീനത്തിന്റെ അംഗീകാരം. പ്ലീനം വിജയകരമായി സംഘടിപ്പിച്ച പശ്ചിമ ബംഗാള്‍ ഘടകത്തിനും മഹാറാലി സംഘടിപ്പിച്ച മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും പ്രിസീഡിയം നന്ദി അറിയിച്ചു.

കൊല്‍ക്കത്ത പ്ലീനത്തില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെയും പ്ലീനം ആദരിച്ചു. സംഘനനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്ലീനം സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here