ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെയും സുഹൃത്തിനെയും വെടിവച്ചുകൊല്ലും; കൊലപാതകം അവിഹിത ബന്ധം കണ്ടുപിടിച്ചതിലെ പ്രതികാരം

ദുബായ്: ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഉന്നത കോടതി ശരിവച്ചു. ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയ(24)നെ കൊന്നു കുപ്പത്തൊട്ടിയില്‍ തള്ളിയ കേസിലാണ് ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ആത്തിഫ് ഖമറുദീന്‍ പോപര്‍, കൂട്ടാളിയും പാകിസ്താന്‍ സ്വദേശിയുമായ അലി എന്നിവര്‍ക്കെതിരായ വധശിക്ഷ കോടതി ശരിവച്ചത്. ശിക്ഷ സാധൂകരിച്ച സാഹചര്യത്തില്‍ ഇരുവരെയും വെടിവച്ചു കൊല്ലും.

2013-ലാണ് നിമ്മി കൊലചെയ്യപ്പെട്ടത്. ആതിഫിനെ വിവാഹം ചെയ്തതോടെ ബുഷ്‌റ എന്നു പേരുമാറ്റിയിരുന്നു. അതിഫിനുണ്ടായിരുന്ന അവിഹിത ബന്ധം കണ്ടുപിടിച്ചു വീട്ടില്‍ അറിയിച്ചതിലെ പ്രതികാരമായിരുന്നു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ഫിലിപ്പീന്‍സുകാരിയുമായി മകനു ബന്ധമുണ്ടെന്നു നിമ്മി പറഞ്ഞതായി ആതിഫിന്റെ പിതാവ് നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. വിവാഹമോചനം നേടിയാല്‍ ജീവനാംശം നല്‍കുന്നതൊഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്നും ആതിഫ് കോടതിയില്‍ സമ്മതിച്ചു.

ഇരിങ്ങാലക്കുട സ്വദേശിയാണെങ്കിലും നിമ്മി വളര്‍ന്നതു മുംബൈയിലാണ്. പടിഞ്ഞാറന്‍ ഡോംബിവിലിയിലെ ഠാക്കൂര്‍വാഡിയില്‍ താമിസിക്കുന്നതിനിടെയാണ് ആതിഫുമായി നിമ്മി പ്രണയത്തിലായത്. വീട്ടുകാര്‍ക്ക് ബന്ധത്തോട് എതിര്‍പ്പായിരുന്നു. ഇതു വകവയ്ക്കാതെ 2008-ല്‍ ഇരുവരും വിവാഹിതരായി. 2009ല്‍ ഇരുവര്‍ക്കും മകള്‍ പിറന്നു. 2011-ല്‍ നിമ്മി ദുബായിലെത്തി. നിമ്മിയുടെ സഹോദരന്‍ നിഖിലും ദുബായിലാണ് ജോലി ചെയ്യുന്നത്. കുട്ടിയുടെ സംരക്ഷണം ആര്‍ക്കു നല്‍കണമെന്നതു സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.

കാണാതായി ദിവസങ്ങള്‍ക്കു ശേഷമാണ് നിമ്മിയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരിയെ കാണാതായതിനെത്തുടര്‍ന്നു നിഖില്‍ നടത്തിയ അന്വഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്. പല തവണ താമസസ്ഥലത്തെത്തിയിട്ടും നിമ്മിയെ കാണാതായതിനെത്തുടര്‍ന്നാണ് നിഖില്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ബര്‍ദുബായില്‍നിന്നു മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് ശേഷം ആതിഫ് മുംബൈയില്‍ എത്തിയിരുന്നു. ദുബായ് പൊലീസ് നല്‍കിയ വിവരപ്രകാരം മഹാരാഷ്ട്ര പൊലീസ് തിരയുന്നതറിഞ്ഞു വ്യാജപ്പേരില്‍ ആതിഫ് ദുബായിലേക്കു കടക്കുകയായിരുന്നു. ഇന്റര്‍പോള്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലിലാണ് അലിയുടെ പങ്കു വ്യക്തമായത്. പിന്നീട് ഇയാളെയും അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here