ചെന്നിത്തലയുടെ കത്തില്‍ വ്യക്തമായ മറുപടിയില്ലാതെ നേതാക്കള്‍; കെപിസിസിയില്‍ വെടിനിര്‍ത്തല്‍; പരസ്യവിമര്‍ശനം ഒഴിവാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് നല്‍കിയ കത്ത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നേതാക്കള്‍ കൃത്യമായ ഉത്തരം നല്‍കാതെ കെപിസിസി നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനം. കത്ത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങളോട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തയും പരുഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

സംയുക്ത വാര്‍ത്താ സമ്മേളനത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള നിലപാടുകളിലെ വൈരുദ്ധ്യം പുറത്തുവന്നു. ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടില്ല എന്ന് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. ഇത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വിഎം സുധീരന്‍ വിശദീകരിച്ചു.

ഹൈക്കമാന്‍ഡിന് കത്ത് എഴുതിയിട്ടില്ല എന്ന് കാര്യം രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. വിശദീകരിക്കുന്ന കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല ഒപ്പിട്ട കത്താണല്ലോ പുറത്തുവന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചൂടായി. എങ്കില്‍ കത്ത് എവിടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറ്റിദ്ധാരണ നീക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇത് കെപിസിസി തലത്തില്‍ തീരുമാനിച്ചതാണ് എന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കെപിസിസിയില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു നേതാക്കളുടെ വാര്‍ത്താ സമ്മേളനം. ഇത് വാക്കുകളിലൂടെ പുറത്തുവരികയും ചെയ്തു. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സോണിയ ഇന്നലെ നിര്‍ദ്ദേശിച്ചത്. കത്തിന്റെ കാര്യത്തില്‍ ഒഴികെ ഇതിന് അനുസൃതമായാണ് നേതാക്കള്‍ സംസാരിച്ചത്.

കെപിസിസിയും യുഡിഎഫും – മുന്നണി – സര്‍ക്കാര്‍ ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരസ്യ അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. വിഭാഗീയത ഇല്ലാതെ ഒരേ മനസോടെ നേതാക്കളും പ്രവര്‍ത്തകരും നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങണം. പാര്‍ട്ടിക്ക് അകത്തും മുന്നണിക്ക് ഉള്ളിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ അതാത് തലങ്ങളില്‍ തന്നെ തീര്‍ക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു. കെഎം മാണി എന്താണ് സോണിയാ ഗാന്ധിയോട് പറഞ്ഞത് എന്ന കാര്യം അറിയില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ സാന്നിധ്യം യുഡിഎഫിന് പുതിയ ഉണര്‍വ്വ് സമ്മാനിച്ചു. സോണിയ ഗാന്ധിയുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്ത യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പ്രയോജനകരവും ആവേശകരവുമായിരുന്നു ചര്‍ച്ച എന്നും വിഎം സുധീരന്‍ പറഞ്ഞു.

പൂര്‍ണ്ണമായ ഐക്യം ഉറപ്പിച്ച് ഒറ്റക്കെട്ടായി കേരളത്തിലെ കോണ്‍ഗ്രസും മുന്നോട്ട് പോകും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. വരാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ടത് കേരളം ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പാണിത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ പ്രതീക്ഷയുണ്ട് എന്നും സുധീരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കും. തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്നതിന് കോണ്‍ഗ്രസിലും യുഡിഎഫിലും ഐക്യം കാത്തുസൂക്ഷിക്കും. കൂടുതല്‍ അടുക്കും ചിട്ടയും അച്ചടക്കവും പരിപാലിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തുമെന്നും വിഎം സുധീരന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൂട്ടായി എടുത്ത തീരുമാനങ്ങളാണ് പ്രസിഡന്റ് പറഞ്ഞത് എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം ഉണ്ടാക്കും. ജനരക്ഷാ യാത്രയ്ക്കായി വലിയ പ്രചരണം സംഘടിപ്പിക്കും. ഇതിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel