വെള്ളാപ്പള്ളി സംഘത്തിന് തിരിച്ചടി; വിവാഹ പത്രിക ഇനി ഗുരുധര്‍മ്മ പ്രചരണസഭ നല്‍കും; ജാതി – മത പരിഗണനകള്‍ക്ക് അതീതമായി നല്‍കാന്‍ തീരുമാനം

ശിവഗിരി: വെള്ളാപ്പള്ളി നടേശന് തിരിച്ചടി നല്‍കി ശിവഗിരി മഠം. എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ ഈഴവ സമുദായ അംഗങ്ങള്‍ക്ക് മാത്രം നല്‍കുന്ന വിവാഹ പത്രിക ഇനിമുതല്‍ ശിവഗിരി മഠത്തിന് കീഴിലുള്ള ഗുരുധര്‍മ്മ പ്രചരണ സഭയും നല്‍കും. വിവാഹവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിന്റെ തീരുമാനം വെള്ളാപ്പള്ളി നടേശന് ഈഴവ സമൂഹത്തിന് മേല്‍ നിലനില്‍ക്കുന്ന അപ്രമാദിത്തം ഇല്ലാതാക്കും.

വിവാഹത്തിനായി സര്‍വ മതസ്ഥര്‍ക്കും പത്രിക നല്‍കാന്‍ തീരുമാനിച്ച ശിവഗിരി മഠം ഏറെ പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചത്. നിലവില്‍ വര്‍ക്കല ശിവഗിരി മഠത്തില്‍ വിവാഹം നടത്തുന്നവര്‍ക്ക് വിവാഹ സാക്ഷ്യപത്രം നല്‍കാറുണ്ട്. എന്നാല്‍ ഈഴവ സമൂഹത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് അതത് ശാഖാ യോഗങ്ങള്‍ വഴിയാണ് നിലവില്‍ വിവാഹപത്രിക നല്‍കുന്നത്. വിവാഹ പത്രിക എന്ന സാക്ഷ്യപത്രം ഗുരുധര്‍മ്മ പ്രചരണ സഭ നല്‍കുന്നതുവഴി സമുദായത്തിന് മേല്‍ എസ്എന്‍ഡിപി യോഗത്തിന് നിലനില്‍ക്കുന്ന നിയന്ത്രണം ഇല്ലാതാകും.

ഫലത്തില്‍ ഭൂരിപക്ഷം എന്‍ഡിപി ശാഖായോഗങ്ങളും എസ്എന്‍ഡിപി യോഗവും നിയന്ത്രിക്കുന്ന വെള്ളാപ്പള്ളി നടേശന് നീക്കം കനത്ത തിരിച്ചടിയാകും. ഈഴവ സമൂഹത്തില്‍ വിവാഹ പത്രിക നല്‍കാന്‍ എസ്എന്‍ഡിപി യോഗത്തിന് മാത്രമായുണ്ടായിരുന്ന കുത്തകാവകാശമാണ് ഇതുവഴി വെള്ളാപ്പള്ളി വിഭാഗത്തിന് നഷ്ടമാകുന്നത്.

പത്രിക മുറിക്കല്‍ എന്നറിയപ്പെടുന്ന ചടങ്ങിന് നിലവില്‍ എസ്എന്‍ഡിപി ശാഖകള്‍ കനത്ത തുകയാണ് ഈടാക്കുന്നത്. ഈഴവ സമുദായ അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് 1000 മുതല്‍ അംഗമുകളിലോട്ട് ആണ് തുക ഇടാക്കിയിരുന്നത്. എന്നാല്‍ ഗുരുധര്‍മ്മ പ്രചരണസഭക്ക് കീഴിലെ ശാഖകളില്‍ 100രൂപ മാത്രമാകും പത്രിക നല്‍കുന്നതിന് സ്വീകരിക്കുക.

ഈഴവ സമുദായത്തിലുളളവര്‍ക്ക് കൂടാതെ ഏത് ജാതി മതസ്ഥര്‍ക്കും ഗുരുധര്‍മ്മ പ്രചരണസഭക്ക് കീഴിലെ ശാഖകള്‍ വഴി വിവാഹ പത്രിക ലഭ്യമാകും. ശിവഗിരി മഠത്തിന്റേതാണ് സുപ്രധാനവും പുരോഗമന പരവുമായ തീരുമാനം. മത – സമുദായ വേര്‍തിരിവ് ഇല്ലാതെയാണ് നിലവില്‍ വര്‍ക്കല ശിവഗിരി മഠത്തിന് കീഴില്‍ വിവാഹ ചടങ്ങ് നടത്തുന്നത്. ഇത് ജാതി – മത പരിഗണനകള്‍ക്ക് അതീതമായി നല്‍കുന്നതോടെ ലളിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു കൂടിയാകും.

83-ാമത് ശിവഗിരിതീര്‍ത്ഥാടന സമ്മേളനത്തില്‍ വെച്ചാണ് ഹൈന്ദവ സമൂഹത്തിലെ പ്രബല വിഭാഗമായ ഈഴവ സമൂഹത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന എസ്എന്‍ഡിപിയുടെ കുത്തക അവസാനിപ്പിക്കാന്‍ ശിവഗിരി മഠം തീരുമാനിച്ചത്. തീര്‍ത്ഥാട സമ്മേളനത്തിലെ വേദിയില്‍ വെച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, കിളിമാനൂര്‍ ജി ചന്ദ്രബാബുവിന് നല്കി വിവാഹപത്രിക പ്രകാശനം ചെയ്്തു.

ധര്‍മ്മസംഘം പ്രസിഡന്റ് പ്രകാശാനന്ദസ്വാമികള്‍, ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍, തീര്‍ത്ഥാടനസെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ ബാബു, കെസി ജോസഫ്, എംപിമാരായ കെസി വേണുഗോപാല്‍, എ സമ്പത്ത്, എംഎല്‍എ വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ സുപ്രധാന മുഹൂര്‍ത്തത്തിന് സാക്ഷികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News