വെള്ളത്തിനും തൊടാനാകില്ല ഐഫോണ്‍ 7നെ; എല്‍സിഡിക്കു പകരം ഒഎല്‍ഇഡി ഡിസ്‌പ്ലേ; രൂപകല്‍പനയിലും അടിമുടി മാറ്റത്തോടെ ഐഫോണ്‍ 7 എത്തും

പുതിയ ഫീച്ചറുകളുടെ കാര്യത്തില്‍ എന്നും അമ്പരപ്പിച്ചിട്ടേയുള്ളു ഐഫോണുകള്‍. ഇപ്പോഴിതാ 2016-ല്‍ എത്തുമെന്ന് പ്രചരിക്കുന്ന ഐഫോണ്‍ 7ലും ഒരുപിടി പുതിയ സവിശേഷതകള്‍ ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനിലും ഡിസ്‌പ്ലേയിലും അടിമുടി മാറുന്നതോടൊപ്പം വാട്ടര്‍പ്രൂഫ് ആയിരിക്കും ഫോണ്‍ എന്നും കേള്‍ക്കുന്നു. നിലവിലെ എല്‍സിഡി സ്‌ക്രീനിനു പകരം ഒഎല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും ടെക്‌നോളജി രംഗത്തു നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഫോണ്‍ പൂര്‍ണമായും വാട്ടര്‍പ്രൂഫ് ആയി നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഐഫോണിനു മുകളിലെ ചെറിയ ആന്റിന സ്‌ട്രൈപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കിയേക്കും ഐഫോണ്‍ 7-ല്‍. പുതിയ കോംപോസിറ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ചാകും നിര്‍മാണം എന്നു അറിയുന്നു. ഫോണ്‍ കൂടുതല്‍ മെലിഞ്ഞതാകാന്‍ സാധ്യതയുണ്ട്. 6 മുതല്‍ 6.5 മില്ലിമീറ്റര്‍ വരെ മാത്രമായിരിക്കും ഐഫോണ്‍ 7ന്റെ കനം. 6 എസിലും 6 എസ് പ്ലസിലും ഉപയോഗിച്ച് വിജയം കണ്ട 3ഡി ടച്ച് സ്‌ക്രീന്‍, എ10 എസ്ഒസി, എം 10 മോഷന്‍ കോപ്രോസസര്‍ എന്നിവയും പുതിയ ഐഫോണിന്റെ പ്രത്യേകതകളായി പറയപ്പെടുന്നു.

ഐഫോണ്‍ 7ലും സ്‌ക്രീന്‍ എല്‍സിഡി തന്നെയായിരിക്കുമെന്നും ഐഫോണ്‍ 8ല്‍ ഒഎല്‍ഇഡി വന്നേക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തവര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 7, 7എസിലും സ്‌ക്രീനില്‍ ചില മാറ്റങ്ങളുണ്ടാകും. സ്‌ക്രീനിന്റെ വലുപ്പത്തില്‍ ചെറിയ മാറ്റം വന്നേക്കും. ഒഎല്‍ഇഡി ഡിസ്‌പ്ലേ പരീക്ഷിക്കാന്‍ ആപ്പിളിനു നേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സാംസങ് വിട്ടുനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സാംസംഗുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്.

ഡിസൈനില്‍ വലിയൊരു മാറ്റമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഐഫോണിലെ ഹോംബട്ടണ്‍ ഒഴിവാക്കിയേക്കുമെന്നാണ് കരുതുന്നത്. ഡിസ്‌പ്ലെ സൈസ് ഉയര്‍ത്താനും സാധ്യതയുണ്ട്. ഉയര്‍ന്ന ബാറ്ററി ലൈഫ്, സ്‌ക്രീനിലെ പുതുമയുള്ള മാറ്റം എല്ലാം ഐഫോണ്‍ 7-ല്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. ഹോംബട്ടണിനു പകരമായി 3ഡി ടച്ചിന്റെ സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തിയേക്കും. ഹോം ബട്ടണ്‍ ഒഴിവാകുന്നതോടെ സ്‌ക്രീനിന്റെ വലുപ്പം കൂട്ടാനും കഴിയും. ഹോം ബട്ടണില്ലാത്ത ഐഫോണ്‍ പുറത്തിറങ്ങാനുള്ള സാധ്യത 50 ശതമാനമാണ്.

ബാറ്ററി ലൈഫാണ് ഐഫോണിന്റെ നിലവിലെ ചെറിയൊരു ന്യൂനത. ഇത് പരിഹരിക്കുന്നതായിരിക്കും ഐഫോണ്‍ 7 എന്നാണ് വിലയിരുത്തുന്നത്. അഞ്ചു മുതല്‍ ഏഴു മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുന്നതായിരിക്കും ഐഫോണ്‍ 7. ഐഫോണ്‍ 7ല്‍ എന്തെല്ലാം മായാജാലങ്ങളാണ് ആപ്പിള്‍ ഒളിപ്പിട്ടുണ്ടാകുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സാങ്കേതിക ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News