നയന്‍താര മുതല്‍ എമി ജാക്‌സണ്‍ വരെ; 2015-ല്‍ തമിഴകത്ത് താരമായ 10 നായികമാര്‍

തമിഴ് സിനിമാലോകം എന്നും താരസുന്ദരിമാരെ സിനിമാ ലോകത്തിന് പരിചയപ്പെടുത്താറുണ്ട്. ചിലരൊക്കെ സിനിമയില്‍ താരങ്ങളാകുന്നു. ചിലര്‍ നിറം മങ്ങിപ്പോകുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി നായികമാര്‍ തമിഴ് സിനിമാ പ്രേമികളുടെ മനം കവര്‍ന്നിട്ടുണ്ട്. 2015-ലും ഉണ്ടായിട്ടുണ്ട് ഒരുപിടി നായികമാര്‍. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തമിഴ് സിനിമയുടെ മനംകവര്‍ന്ന ആ താരങ്ങളെ അറിയാം.

1.നയന്‍താര


അഞ്ച് ചിത്രങ്ങളാണ് നയന്‍സിന്റേതായി 2015-ല്‍ പുറത്തിറങ്ങിയത്. രണ്ടെണ്ണം ടോളിവുഡിനെ കീഴടക്കി തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ രണ്ടെണ്ണം അമ്പേ പരാജയപ്പെട്ടു. ഒരെണ്ണം ശരാശരി വിജയം നേടി. തനി ഒരുവന്‍, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളായിരുന്നു സൂപ്പര്‍ ഹിറ്റുകള്‍. മായ ശരാശരി വിജയം നേടി. നന്‍പന്‍ ഡാ, മാസ് എന്നീ ചിത്രങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. മാധ്യമ അഭിമുഖങ്ങള്‍ അനുവദിക്കുന്നതില്‍ സ്റ്റൈല്‍ മന്നനെ പോലെ തന്നെ പിശുക്കിയാണ് നയന്‍സും.

2. ഹന്‍സിക

മുംബൈക്കാരിയാണ് തമിഴ് മക്കളുടെ മനംകവര്‍ന്ന ഹന്‍സിക. ആക്‌സസിബിളും സൗഹാര്‍ദ പ്രേമിയും കഠിനാധ്വാനിയും ആണെന്നതാണ് ഹന്‍സികയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. വന്‍കിട പദ്ധതികള്‍ക്ഗക് മാത്രം തലവച്ചു കൊടുക്കുന്ന ഹന്‍സികയുടേതായി നാലു റിലീസുകള്‍ 2015-ല്‍ ഉണ്ടായിരുന്നു. ആമ്പള, വാലു, റോമിയോ ജൂലിയറ്റ്, പുലി എന്നിവ. റോമിയോ ജൂലിയറ്റ് ഒഴികെ മറ്റെല്ലാം പൊട്ടിത്തകര്‍ന്നപ്പോഴും ഹന്‍സികയെ ആളുകള്‍ നെഞ്ചോടേറ്റി.

3. അനുഷ്‌ക ഷെട്ടി


തമിഴിനേക്കാള്‍ തെലുങ്കര്‍ക്കാണ് അനുഷ്‌കയെ കൂടുതല്‍ പരിചയം. പോയവര്‍ഷം നാലു റിലീസുകള്‍ അനുഷ്‌കയ്ക്കും ഉണ്ടായിരുന്നു. യെന്നൈ അറിന്താല്‍, ബാഹുബലി, രുദ്രമാദേവി, ഇന്‍ജി ഇടുപ്പഴകി എന്നിവ. ബാഹുബലി തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ ഹിറ്റായതൊഴിച്ചാല്‍ മറ്റെല്ലാം പരാജയം. രുദ്രമാദേവി തമിഴില്‍ വന്‍പരാജയമായിരുന്നു. യെന്നൈ അറിന്താല്‍ ശരാശരിക്കും മുകളിലുള്ള അഭിപ്രായം മാത്രമാണ് നേടിയത്. എന്നിരുന്നാലും സാന്നിധ്യം കൊണ്ട് മനസ്സു നിറച്ചു അനുഷ്‌ക.

4. തൃഷ


കഴിഞ്ഞ 15 വര്‍ഷത്തോളമായി തൃഷ സിനിമയിലുണ്ട്. ഈ വര്‍ഷം റിലീസുകള്‍ കുറവായിരുന്നെങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ മെലിഞ്ഞ സുന്ദരി. ശരാശരിക്കും മുകളിലുള്ള അഭിപ്രായം നേടിയ യെന്നൈ അറിന്താല്‍ മാത്രമാണ് എടുത്തു പറയേണ്ട സിനിമകള്‍. സകലകലാവല്ലവനും തൂങ്കാവനവും വിലപ്പോയില്ല. ശക്തമായ തീരുമാനങ്ങളും കഠിനാധ്വാനവും തന്നെയാണ് തൃഷയെ മികച്ച നടിമാരില്‍ ഒരാളാക്കി നിര്‍ത്തുന്നത്.

5. എമി ജാക്‌സണ്‍


ഇംഗ്ലണ്ടുകാരിയാണ് എമി ജാക്‌സണ്‍. അടുത്തിടെ വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ച വ്യക്തിയും കൂടിയാണ് എമി. പോയവര്‍ഷം തമിഴ് സിനിമയില്‍ തന്റേതായ ഒരിടം സൃഷ്ടിക്കാന്‍ എമിക്ക് സാധിച്ചു. ഷങ്കറിന്റെ ഐ ആണ് എമിക്ക് തമിഴില്‍ ഇടം നല്‍കിയത്. ഇപ്പോള്‍ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളാണ് എമിയുടെ പോക്കറ്റിലുള്ളത്. വിജയുടെ തെറിയും ഉദയ് സ്റ്റാലിന്റെ ഗേതുവും ഉടന്‍ എത്തും. രജനികാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന ഷങ്കറിന്റെ യന്തിരന്‍ 2 വിലും എമി തന്നെയാണ് നായിക.

6. ശ്രുതി ഹാസന്‍


രണ്ടു സൂപ്പര്‍ഹിറ്റുകളാണ് തമിഴിലെ ക്യൂട്ട് ഗേള്‍ ശ്രുതി ഹാസന് 2015-ല്‍ ഉണ്ടായിരുന്നത്. ഇതില്‍ സൂപ്പര്‍ സ്റ്റാര്‍ വിജയുടെ പുലി ബോക്‌സ്ഓഫീസ് പരാജയമായിരുന്നു. തല അജിത്തുമൊത്തുള്ള വേതാളം ഹിറ്റാകുകയും ചെയ്തു. വരും വര്‍ഷം തമിഴിലും തെലുഗുവിലും ഹിന്ദിയിലുമായി ഒരുപിടി ചിത്രങ്ങള്‍ ശ്രുതിക്കുണ്ട്.

7. നിത്യ മേനോന്‍


ഒരേയൊരു ചിത്രം കൊണ്ട് തമിഴരുടെ മനം കവര്‍ന്ന മല്ലുവാണ് നിത്യ മേനോന്‍. മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി തമിഴില്‍ വന്‍ ഹിറ്റായിരുന്നു. യുവാക്കള്‍ക്കിടയില്‍ പ്രശസ്തയാകാന്‍ ഇത് നിത്യയെ സഹായിച്ചു. കാഞ്ചനയുടെ രണ്ടാം ഭാഗത്തില്‍ നിത്യ അവതരിപ്പിച്ച വികലാംഗയുടെ കഥാപാത്രവും നിത്യക്ക് തമിഴില്‍ പാദമുദ്ര പതിപ്പിക്കാന്‍ സഹായിച്ചു.

8. സാമന്ത

സ്വപ്‌നങ്ങള്‍ ഒരുപാടുണ്ടെങ്കിലും സാമന്തയ്ക്കു പക്ഷേ കാര്യമായ നേട്ടമുണ്ടാക്കാന്‍ പോയവര്‍ഷം സാധിച്ചിട്ടില്ല. രണ്ടു റിലീസുകളും വന്‍ പരാജയമായിരുന്നു. 10 എണ്‍ട്രാതുക്കുള്ളെയും തങ്കമകനുമായിരുന്നു സാമന്തയുടെ റിലീസുകള്‍. പക്ഷേ, സൂപ്പര്‍ സ്റ്റാറുകളായ വിജയ്ക്കും സൂര്യക്കുമൊപ്പം വരും വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരിക്കുകയാണ് സാമന്ത.

9. താപ്‌സി പണ്ണു

ദില്ലിക്കാരിയായ താപ്‌സി പണ്ണുവിന് പുതിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട് ഒരേയൊരു തമിഴ് ചിത്രത്തോടെ. രണ്ട് റിലീസുകളാണ് ഉണ്ടായത്. ഇതില്‍ കാഞ്ചന 2 ആണ് താപ്‌സിക്ക് പുതിയൊരു ആരാധകവൃന്ദത്തെ സമ്മാനിച്ചത്. വയ് രാജാ വയ് ശരാശരി വിജയം മാത്രമാണ് നേടിയത്.

10. ജ്യോതിക


ഒരിടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചു വരവു നടത്തുകയായിരുന്നു ജ്യോതിക. സ്ത്രീശാക്തീകരണ ചിത്രമായ 36 വയതിനിലെ എന്ന ചിത്രം തമിഴില്‍ വന്‍ ഹിറ്റായിരുന്നു. മലയാളം ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ റീമേക്ക് ആയിരുന്നു ചിത്രം. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു ജ്യോതിക വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. തന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്ന് ജ്യോതിക ഒരിക്കല്‍കൂടി തെളിയിച്ചു ഈ ഒറ്റ ചിത്രത്തിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel