ദില്ലി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഇന്നുമുതല്‍; പരീക്ഷണത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയും

ദില്ലി: ഇന്നു മുതല്‍ ദില്ലിയില്‍ വാഹനം ഓടിക്കണമെങ്കില്‍ നമ്പര്‍ നോക്കി ബോധ്യപ്പെടണം. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹന നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഇന്നു മുതല്‍ നിരത്തുകളില്‍ ബാധകമാകും. ഒറ്റ-ഇരട്ട അക്ക നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലേ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ അനുവദിക്കൂ. ജനുവരി 15 വരെ ഒറ്റ അക്ക ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രവും ഇരട്ട അക്ക ദിവസങ്ങളില്‍ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങളും ഓടിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടേതടക്കം സിഎന്‍ജിയില്‍ ഓടാത്ത എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. പരീക്ഷണമായതിനാല്‍ തന്നെ ഇരുചക്രവാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ഇന്നലെ 9 മണി മുതല്‍ 11 വരെ നഗരത്തിന്റെ 200 ഭാഗങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നിയന്ത്രണം നടപ്പാക്കി. ഗതാഗതമന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തിലാണ് ഇന്നലെ പരീക്ഷണ നിയന്ത്രണം നടപ്പാക്കിയത്. ഇതിനിടയില്‍ നിയമം തെറ്റിച്ചവര്‍ക്ക് റോസാപുഷ്പവും ഉപദേശവും നല്‍കി വിട്ടയിച്ചിരുന്നു.

എന്നാല്‍ ഇന്നുമുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് റോസാപൂ ആയിരിക്കില്ല. നിയമലംഘകരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. പുതിയ പരിഷ്‌കരണത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. വാഹന നിയന്ത്രണം നടപ്പാക്കുന്നതിനാല്‍ കൂടുതല്‍ മെട്രോ സര്‍വീസുകളും സിറ്റി ബസുകളും അനുവദിച്ചു. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറും നിയന്ത്രണത്തെ സ്വാഗതം ചെയ്തിരുന്നു.

നിയന്ത്രണത്തെ സ്വാഗതം ചെയ്യുമ്പോഴും ആവശ്യത്തിന് പൊതുഗതാഗത സൗകര്യം ഇല്ലെങ്കില്‍ പരീക്ഷണം പാളിപ്പോകുമോ എന്ന ആശങ്കയാണ് പലര്‍ക്കും. ഇക്കാര്യം പല പൊതുജനങ്ങളും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ കാര്‍ ഈ ദിവസങ്ങളില്‍ നിരത്തില്‍ ഇറക്കില്ലെന്നും കാരള്‍ ബാഗില്‍ താമസിക്കുന്ന വിരേന്ദര്‍ ശര്‍മ പറഞ്ഞു. എന്നാല്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സരിതാ വിഹാറില്‍ താമസിക്കുന്ന മാലതി ഗുപ്തയുടെ പ്രതിഷേധം. സ്ത്രീയായ തന്നെപോലുള്ളവരും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന മറ്റുള്ളവരും തമ്മില്‍ എന്തുവ്യത്യാസം എന്നാണ് മാലതിയുടെ ചോദ്യം.

പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യതയാണ് എല്ലാവരും ഉന്നയിക്കുന്ന പ്രധാന ചോദ്യം. മെട്രോ സ്‌റ്റേഷനുകളിലെ കണക്ടിവിറ്റി വളരെ കുറവാണ്. ഇപ്പോള്‍ തന്നെ മെട്രോകളെല്ലാം നിറഞ്ഞു കവിഞ്ഞാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. 70 സര്‍വീസുകള്‍ മെട്രോയില്‍ അധികം ആരംഭിച്ചിട്ടുണ്ട്. 3,000 അധികം ബസുകള്‍ നിരത്തിലിറക്കിയതായി ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News