തൃശ്ശൂര്‍: കൈരളി ടിവിയും തൃശൂര്‍ റീജന്‍സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പുതുവത്സര പരിപാടി ശ്രദ്ധേയമായി. ‘ബിഗ് ബാങ്’ എന്ന പേരില്‍ തൃശൂരില്‍ നടന്ന പരിപാടിയില്‍ ഗായകന്‍ നജീം അര്‍ഷാദ്, രഞ്ജിനി ജോസ്, ജുവല്‍ മേരി തുടങ്ങിയവര്‍ മാറ്റുരച്ചു. നജീം അര്‍ഷാദിന്റെ ഗാനത്തോടെയായിരുന്നു സംഗീത-നൃത്തവിരുന്നിന്ന് തുടക്കമായത് . പിന്നാലെ മെലഡി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചെയിന്‍ സോംഗുമായി രഞ്ജിനി ജോസും സ്റ്റേജിലെത്തി. തുടര്‍ന്ന് കേള്‍വിക്കാരെ അവേശത്തിലാക്കി ഫാസ്റ്റ് സോംഗുകള്‍ക്ക് വഴിമാറി.

ചടുല താളത്തിനൊപ്പം പ്രൊഫഷണല്‍ ഡാന്‍സര്‍മാരുടെ ചുവടുകളും എത്തിയത് ആഘോഷത്തിന് കൊഴുപ്പേകി.
ജൂവല്‍ മേരി ശ്രുതി ലക്ഷ്മി തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലായിരുന്നു ഡാന്‍സ്. കൗണ്ട് ഡൗണിനൊടുവില്‍ ഏവരും ഹര്‍ഷാരവത്തോടെ പുതുവര്‍ഷ പുലരിയെ വരവേറ്റു. കൈരളി ടി.വി ഡയറക്ടര്‍ ടി.ആര്‍ അജന്‍ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സോമകുമാര്‍, ജനറല്‍ മാനേജര്‍ പ്രതാപ് ചന്ദ്രന്‍, ഡിജിഎം ജയശങ്കര്‍, റീജന്‍സി ക്ലബ് പ്രസിഡന്റ് സി.വി മാത്യു, സെക്രട്ടറി ജോസ് തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.