മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ വെള്ളാപ്പള്ളി നടേശന്‍ വഞ്ചിച്ചു; വെള്ളാപ്പള്ളി കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് തൊഴിലാളികളുടെ ബന്ധുക്കള്‍

കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ പെട്ട് മരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ വെള്ളാപ്പള്ളി നടേശന്‍ വഞ്ചിച്ചെന്ന് ആരോപണം. മരിച്ച തൊഴിലാളികളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. ബന്ധുക്കളുടെ വാക്കുകള്‍ ഇങ്ങനെ. ‘എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍, ഭാസ്‌കര റാവുവിന്റെയും നരസിംഹ മൂര്‍ത്തിയുടെയും കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി അറിഞ്ഞിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ഇതുവരെയായി ഞങ്ങളെ ബന്ധപ്പെടുകയോ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്തിട്ടില്ല’. ഭാസ്‌കരമൂര്‍ത്തിയുടെ ബന്ധു നവകാന്ത് ആണ് പീപ്പിള്‍ ടിവിയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നത്. നൗഷാദിനെ അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. എന്നാല്‍, ധനസഹായം നല്‍കാതെ വെള്ളാപ്പള്ളി വഞ്ചിക്കുകയാണുണ്ടായത്. നൗഷാദിനെ അപമാനിച്ചതു മൂലമുണ്ടായ വിവാദത്തില്‍ തലയൂരാനായിരുന്നു വെള്ളാപ്പള്ളി തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here