പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷ്യസബ്‌സിഡി ഒഴിവാക്കി; അംഗങ്ങള്‍ ഇനിമുതല്‍ ഇരട്ടിവില നല്‍കണം

ദില്ലി: ഏറെ വിവാദമുണ്ടാക്കിയ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യസബ്‌സിഡി നിര്‍ത്തലാക്കുന്നു. ഇതോടെ കാന്റീനിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകൂടും. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാന്റീനില്‍ വിലവര്‍ധിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡി ഒഴിവാക്കി. ഇതോടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇനിമുതല്‍ കാന്റീനിലെ ഭക്ഷണത്തിന് ഇരട്ടിവില നല്‍കേണ്ടി വരും. അതായത് ഒരു വെജിറ്റേറിയന്‍ താലിക്ക് കാന്റീനില്‍ ഇതുവരെ 18 രൂപയായിരുന്നു വില. അത് ഇനിമുതല്‍ 30 രൂപയായി ഉയരും. 33 രൂപയുണ്ടായിരുന്ന നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വില 60 രൂപയാകും. വറുത്ത മീനോ മറ്റു സ്‌പെഷ്യലോ അടക്കം ഊണിന് 61 രൂപയായിരുന്നു വില. അത് 90 രൂപയാക്കി ഉയര്‍ത്താനും തീരുമാനമായി. 29 രൂപയ്ക്ക് ലഭിച്ചിരുന്ന ചിക്കന്‍ കറിക്ക് 40 രൂപയായി ഉയരും.

വര്‍ഷം 16 കോടി രൂപയാണ് സബ്‌സിഡിയിനത്തില്‍ സര്‍ക്കാര്‍ ചെലവിട്ടിരുന്നത്. ഇതിനെതിരെ വിവിധ മേഖലകളില്‍ നിന്നും ജനങ്ങളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എംപിമാര്‍, ലോക്‌സഭയിലേയും രാജ്യസഭയിലേയും ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍ തുടങ്ങിയവര്‍ക്കാണ് വില വര്‍ധന ബാധകമാകുക. 2010-ല്‍ ആണ് കന്റീനിലെ നിരക്കുകള്‍ അവസാനമായി വര്‍ധിപ്പിച്ചത്. ഇനി മുതല്‍ ഇത് സമയാസമയങ്ങളില്‍ വിലയിരുത്തുകയും മാറ്റം വരുത്തുകയും ചെയ്യുമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. അത് വാര്‍ത്തയായതോടെ പ്രതിഷേധവും ശക്തമായി. തുടര്‍ന്ന് കമ്മിറ്റികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും മാറ്റങ്ങള്‍ വരുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News