കൊല്ലം: പരീക്ഷാ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പിച്ച് വിവാദത്തിലായ കേരള സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പര്‍ പുറത്തായി. ഒന്നാംവര്‍ഷ എന്‍ജിനീയറിംഗ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. സുതാര്യമായ കവറിലിട്ടാണ് ചോദ്യപേപ്പര്‍ എത്തിച്ചത്. ഇതുശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സര്‍വകലാശാല പേപ്പര്‍ തിരികെ വാങ്ങുകയായിരുന്നു. നേരത്തെ കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരീക്ഷ സ്വകാര്യ കമ്പനിയെ നടത്തിപ്പ് ഏല്‍പിച്ചത് വിവാദമായതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചിരുന്നു.

ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയെയാണ് പരീക്ഷാനടത്തിപ്പ് ഏല്‍പിച്ചിരുന്നത്. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തിറങ്ങി. ഒടുവില്‍ ഉത്തരവു മരവിപ്പിക്കുകയും പരീക്ഷാ നടത്തിപ്പ് പിന്നൊരു സമയത്തേക്ക് മാറ്റുകയും ചെയ്ത് സര്‍വകലാശാല തടിയൂരുകയായിരുന്നു.