വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ പുരോഗമന ശക്തികള്‍ ഒന്നിക്കേണ്ടതുണ്ടെന്ന് എംപി വീരേന്ദ്രകുമാര്‍; ഇതിനായുള്ള യോജിപ്പ് കര്‍ത്തവ്യത്തിന്റെ ഭാഗം; പഴയത് പറഞ്ഞ് മതില്‍ക്കെട്ടുകള്‍ തീര്‍ത്തിട്ട് കാര്യമില്ല

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഒന്നിക്കേണ്ടുണ്ടെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. പഴയത് പറഞ്ഞ് മതില്‍ക്കെട്ടുകള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല. ഇന്ത്യയിലെ പുരോഗമന ശക്തികള്‍ക്ക് ചിലത് ചെയ്യാനുണ്ട്. ഇതിനുവേണ്ടിയുള്ള യോജിപ്പ് കര്‍ത്തവ്യത്തിന്റെ ഭാഗമാണെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.

രാജ്യത്ത് വര്‍ഗീയത ഉള്‍പ്പടെ പലതരം പ്രശ്‌നങ്ങളുണ്ട്. ഇതിനെതിരെ യോജിച്ച് പോരാടണം. രാഷ്ട്രീയമായി നിശബ്ദത പാലിക്കുന്നത് രാഷ്ട്രത്തോട് ചെയ്യുന്ന അപരാധമാണ്. ചില പ്രശ്‌നങ്ങള്‍ രാഷ്ട്രീയത്തിനും അപ്പുറത്തുള്ളതാണ്. ഇതിനെതിരായി പ്രതിരോധം തീര്‍ത്തേ പറ്റൂ. സോഷ്യലിസ്റ്റുകള്‍ക്ക് ഇതില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.

കഴിഞ്ഞകാല വിഷയങ്ങള്‍ക്കപ്പുറം വര്‍ത്തമാനകാലത്തെ തിരിച്ചറിഞ്ഞ് പോരാടണമെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തി തന്നെ ബഹുസ്വരതയെ അംഗീകരിക്കേണ്ടതുണ്ട്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരെ യോജിക്കേണ്ടതുണ്ട്. ബഹുസ്വരത നിലനിര്‍ത്താന്‍ പോരാട്ടം നടത്തിയേ തീരൂ. വര്‍ഗീയതയ്‌ക്കെതിരെ യോജിപ്പുകള്‍ ആവശ്യമാണെന്നും എംപി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

പിണറായി വിജയനുമായി വ്യക്തിപരമായി പരസ്പരം ബഹുമാനമുണ്ട്. രാഷ്ട്രീയമായി വിയോജിപ്പുണ്ട്. എംപി വീരേന്ദ്രകുമാറിന്റെ പുസ്തകം സഖാവ് പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു. ഞങ്ങള്‍ ജയിലില്‍ ഒരുമിച്ച് കഴിഞ്ഞവരാണ്. ഭിന്നത എല്ലാ കാലത്തും സ്വാഭാവികമാണ്. സമൂഹവും രാഷ്ട്രവും എല്ലാം ഭിന്നിച്ചിട്ടുണ്ട് എന്നും വീരേന്ദ്രകുമാര്‍ ഓര്‍മ്മിപ്പിച്ചു.

എംപി വീരേന്ദ്രകുമാര്‍ രചിച്ച് ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഇരുള്‍ പരക്കും കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പുസ്തകം പ്രകാശനം ചെയ്ത സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ എടുത്തു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പിണറായിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് എംപി വീരേന്ദ്രകുമാര്‍ സംസാരിച്ചത്.

വീരേന്ദ്രകുമാറുമായി ശത്രുതയില്ലെന്നു പിണറായി; സോഷ്യലിസ്റ്റുകളുടെ സ്വാഭാവികസ്ഥാനം ഇടതുപക്ഷത്ത്; യോജിച്ചു പോരാടാന്‍ തടസമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News