അന്തരീക്ഷ മലിനീകരണം; ദില്ലിയില്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വാഹനനിയന്ത്രണം നിലവില്‍; പരിഷ്‌കരണം ജനങ്ങളെ കുഴപ്പിക്കുന്നതെന്ന് ബിജെപി

ദില്ലി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ദില്ലിയില്‍ വാഹനനമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണം നിലവില്‍ വന്നു. രാവിലെ 8 മണി മുതല്‍ രാത്രി 8മണി വരെയാണ് നിയന്ത്രണം. ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ആദ്യ ദിവസം വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വാഹന നിയന്ത്രണത്തിന് പിന്തുണ നല്‍കി ടൂറിസം മന്ത്രി കപില്‍ മിശ്ര എത്തിയത് ബൈക്കില്‍ സഞ്ചരിച്ച്.

5000ത്തോളം ട്രാഫിക് പോലീസുകാരും 7000ത്തോളം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണ് പുത്തന്‍ ഗതാഗത പരിഷ്‌കരണത്തിന് ദില്ലിയില്‍ നിയന്ത്രണം നല്‍കിയത്. ജനുവരി 15 വരെ ഒറ്റ അക്ക ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രവും ഇരട്ട അക്ക ദിവസങ്ങളില്‍ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങളുമേ അനുവദിക്കൂ എന്നതാണ് നിയമം. അതിനാല്‍ ഇന്നലെ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ മാത്രമാണ് നിയമപരമായി നിരത്തുകളില്‍ അനുവദിച്ചത്. നിയമം തെറ്റിച്ചവര്‍ക്ക് 2000 രൂപ വീതം പിഴ ഈടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യതലസ്ഥാനത്ത് എത്തിയവര്‍ക്കാണ് കൂടുതലും പിഴ ലഭിച്ചത്.

ദില്ലി മുഖ്യമന്ത്രിയുടെ കാര്‍ ഉള്‍പ്പടെ സിഎന്‍ജിയില്‍ ഓടാത്ത എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമായിരുന്നു. വാഹന നിയന്ത്രണത്തിന് പിന്തുണ നല്‍കി ടൂറിസം മന്ത്രി കപില്‍ മിശ്ര ബൈക്കിലാണ് ദില്ലി സെക്രട്ടറിയേറ്റില്‍ എത്തിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവര്‍ ഈവന്‍ നമ്പര്‍ പ്ലേറ്റുള്ള കാര്‍ ഉപേക്ഷിച്ച് ഗതാഗത മന്ത്രി ഗോപാല്‍ റായിയുടെ കാറിലാണ് സെക്രട്ടേറിയറ്റില്‍ എത്തിയത്. ആദ്യ ദിനം തന്നെ ആളുകള്‍ മികച്ച സഹകരണമാണ് നല്‍കുന്നതെന്നും പദ്ധതി വിജയകരമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം പരിഷ്‌കരണം ജനങ്ങളെ കുഴക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here