പത്താന്‍കോട്ട് ഭീകരാക്രമണം; എന്‍ഐഎ അന്വേഷിക്കും; വ്യോമസേനാ താവളത്തില്‍ സ്‌ഫോടനശബ്ദം; ചാവേര്‍ പൊട്ടിത്തെറിച്ചതായി സൂചന

ദില്ലി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ഭീകരര്‍ക്ക് ഐഎസ്‌ഐ ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. അതേസമയം, വ്യോമസേനാ ആസ്ഥാനത്തിനകത്തു നിന്ന് ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം ഉണ്ടായി. ആസ്ഥാനത്തിനകത്തുണ്ടായിരുന്ന ചാവേര്‍ ഭീകരന്‍ പൊട്ടിത്തെറിച്ചതായാണ് സൂചന. ഭീകരാക്രമണത്തില്‍ ആകെ ഏഴു പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് സൈനികരും നാലു ഭീകരരും കൊല്ലപ്പെട്ടു. കൂടുതല്‍ ഭീകരര്‍ ആസ്ഥാനത്തിനകത്തു ഒളിച്ചിരിക്കുന്നതായാണ് സൂചന.

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് ഭീകരര്‍ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയത്. ഒരു ടാക്‌സി ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവര്‍ അതിര്‍ത്തി കടന്ന് എത്തിയതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ഒരു എസ്പിയുടെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ പ്രദേശത്തേക്ക് എത്തിയത്. സൈനികരെന്ന വ്യാജേനയാണ് ഭീകരസംഘം സ്ഥലത്ത് പ്രവേശിച്ചത്. സംഘത്തില്‍ അഞ്ചോളം പേരുണ്ടെന്നും വ്യോമസേന കേന്ദ്രത്തിലെ ഒരു കെട്ടിടം ഭീകരസംഘം കയ്യടക്കിയെന്നും സൂചനയുണ്ട്.

കേന്ദ്രത്തിലെ വിമാനങ്ങള്‍ക്ക് കേടുപാട് വരുത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് സൂചന. സാങ്കേതിക വിഭാഗത്തിലേക്ക് കടക്കാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും സൈന്യം തടഞ്ഞു. പ്രദേശത്ത് ദേശീയ സുരക്ഷ ഗാര്‍ഡിനെയും നിയോഗിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി വ്യോമസേന ആസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here