യുവരാജും വീരുവും ഇഷാന്തും ഐപിഎല്ലിനുണ്ടാവില്ല; മൂവരെയും ടീമുകള്‍ ഒഴിവാക്കി; ഒഴിവാക്കപ്പെട്ടവരില്‍ ഡെയ്ല്‍ സ്റ്റെയ്‌നും

മുംബൈ: യുവരാജും സെവാഗും ഇഷാന്തും ഇല്ലാത്ത ടൂര്‍ണമെന്റിനായിരിക്കും ഒരുപക്ഷേ ഐപിഎല്ലിന്റെ 9-ാം സീസണ്‍ വേദിയാവുക. ഐപിഎല്ലില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കളിച്ച ടീമുകള്‍ യുവിയെയും വീരുവിനെയും ഇഷാന്തിനെയും ഒഴിവാക്കി. പുതിയ ടീമിന്റെ പട്ടികയില്‍ മൂവരെയും അതാതു ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യുവിയും വീരുവും ഇഷാന്തും കഴിഞ്ഞ സീസണില്‍ അമ്പേ പരാജയമായിരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് യുവരാജിനെ സ്വന്തമാക്കിയിട്ടും അതിന്റെ ഗുണം ഡെല്‍ഹിക്ക് ലഭിച്ചിരുന്നില്ല. വീരേന്ദര്‍ സെവാഗാകട്ടെ തീര്‍ത്തും നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സീസണില്‍ ഫ്രാഞ്ചൈസികള്‍ മൂവരെയും ഒഴിവാക്കിയത്.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടിയാണ് കഴിഞ്ഞ സീസണില്‍ യുവരാജ് കളിച്ചത്. റെക്കോര്‍ഡ് തുകയായ 16 കോടി രൂപയ്ക്കായിരുന്നു യുവിയെ ഡെല്‍ഹി സ്വന്തമാക്കിയത്. എന്നാല്‍, 14 മത്സരം കളിച്ച യുവി ആകെ നേടിയത് 248 റണ്‍സ്. അതും 19 റണ്‍ ശരാശരിയില്‍. 57 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വര്‍ഷം വീരേന്ദര്‍ സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു. എന്നാല്‍, വീരുവിന്റെ സമ്പാദ്യമാകട്ടെ വെറും 99 റണ്‍സ്. കളിച്ചത് എട്ടു മത്സരങ്ങള്‍. പേസ് ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. നാലു മത്സരങ്ങള്‍ കളിച്ച ഇഷാന്ത് നേടിയത് ഒരു വിക്കറ്റു മാത്രം. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു ഇഷാന്ത്.

ഡെയ്ല്‍ സ്റ്റെയ്ന്‍ ആണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. ഹൈദരാബാദിനൊപ്പമായിരുന്നു സ്റ്റെയ്‌നും എട്ടാം സീസണില്‍. സ്റ്റെയ്‌നും കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു വിക്കറ്റു മാത്രമായിരുന്നു. കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനും ഫ്രാഞ്ചൈസിക്കുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. മനോജ് തിവാരിയെയും എയ്ഞ്ചലോ മാത്യൂസിനെയും ഡെല്‍ഹി ഒഴിവാക്കിയിട്ടുണ്ട്. ജോര്‍ജ് ബെയ്‌ലിയും തിസാര പെരേരയും കിംഗ്‌സ് ഇലവനില്‍ നിന്നും പുറത്തായി. പ്രഗ്യാന്‍ ഓജ, ആരോണ്‍ ഫിഞ്ച്, ഹില്‍ഫന്‍ഹോസ്, ജോഷ് ഹാസ്ല്‍വുഡ് എന്നിവരെ മുംബൈ ഇന്ത്യന്‍സും പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here