‘ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍…’ വീണ്ടും എംബി രാജേഷ്

പാചകവാതക വിലയെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങള്‍ മറുപടിയുമായി എംബി രാജേഷ്.

‘പാചകവാതക വിലയെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിന് ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍…’ എന്ന തലക്കെട്ടോടെയാണ് രാജേഷ് മറുപടി പോസ്റ്റ് ആരംഭിക്കുന്നത്.

പാചകവാതക വിലയെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിന് ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട് സങ്കടം പറഞ്ഞാല്‍…

പ്രിയപ്പെട്ട മോദിജി,
സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയാണ് കൂടിയതെന്ന് വാദിച്ച് ഞങ്ങള്‍ എഫ്.ബി.യില്‍ ‘ചകാക്കളെ’ നേരിട്ടു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഇന്നത്തെ മനോരമ ഇങ്ങനെ എഴുതിയിരിക്കുന്നത്. ” വിലവര്‍ദ്ധിച്ചെങ്കിലും സബ്സിഡി ലഭിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഫലത്തില്‍ വലിയ ഭാരമുണ്ടാകില്ല. അധികം ഈടാക്കുന്ന തുകയുടെ ഒരു പങ്ക് സബ്സിഡിയായി ബാങ്കില്‍ ലഭിക്കുമെന്ന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ” അപ്പോള്‍ സബ്സിഡി ലഭിക്കുന്നവര്‍ക്കും കുറച്ചു ഭാരമുണ്ടാകുമല്ലേ മോദിജി. കൂടിയ വില മുഴുവനും സബ്സിഡിയായി ബാങ്ക് അക്കൌണ്ടില്‍ കൊടുക്കില്ല അല്ലേ? വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധിക്കുമ്പോള്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വിലയും കൂടില്ലേ? 10 ലക്ഷത്തിന് മേല്‍ വരുമാനമുള്ള സമ്പന്നര്‍ക്ക് മാത്രമേ പ്രശ്നമുള്ളൂവെന്ന് നമ്മള്‍ പറഞ്ഞത് പൊളിഞ്ഞല്ലോ മോദിജി. ഇനി എന്താ പറയേണ്ടത്? തെറി തന്നെ പറയാം അല്ലേ?
പിന്നെ ‘ചകാക്കള്‍’ ചോദിക്കുകയാ വിമാന ഇന്ധനത്തിന് 10% വിലകുറച്ചത് പാവപ്പെട്ടവരെ സഹായിക്കാനാണോ എന്ന്? കഴിഞ്ഞമാസവും വിമാന ഇന്ധനത്തിന് വിലകുറച്ചിട്ട് ടിക്കറ്റ് നിരക്ക് കുറച്ചോ എന്ന്‍? പാചകവാതകത്തിന് മൂന്നു മാസം കൊണ്ട് മൂന്നു തവണ (138.5 രൂ) വിലകൂട്ടിയപ്പോള്‍ വിമാന ഇന്ധനത്തിന് രണ്ടുതവണയായി കിലോ ലിറ്ററിന് 5000 രൂപ കുറച്ചതും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്ന് ‘ചകാക്കളോട്’ പറയുന്നുണ്ട്. റെയില്‍വേ യാത്രാ നിരക്കും കടത്തു കൂലിയും പലതവണ കൂട്ടിയതും പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് തന്നെയല്ലേ പറയേണ്ടത്? പക്ഷേ ജനങ്ങളൊന്നും അത് വിശ്വസിക്കുന്നില്ല മോദിജി. ഇനി ഒരു രഹസ്യം പറയാം ചകാക്കളുടെ മുമ്പില്‍ പിടിച്ചു നില്ക്കാന്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഞങ്ങളും ഇതൊന്നും വിശ്വസിക്കുന്നില്ല കേട്ടോ.പാചക വാതകത്തിന് പണക്കാര്‍ക്കാ വിലകൂട്ടിയതെന്ന് പറയുമ്പോള്‍ ഏറ്റവും വലിയ പണക്കാരനായ റിലയന്‍സ് 11055 കോടി രൂപയുടെ ഓ.എന്‍.ജി.സി.യുടെ പ്രകൃതി വാതകം കെ.ജി.ബേസിനില്‍ നിന്ന് കട്ടു എന്ന് കണ്ടെത്തിയിട്ടും നഷ്ടം ഈടാക്കാത്തത് എന്താണെന്നാണ് ‘ചകാക്കള്‍’ ചോദിക്കുന്നത്. റിലയന്‍സിന് 10 ലക്ഷത്തില്‍ കുറവ് വരുമാനമെയുള്ളൂ എന്നങ്ങോട്ട് പറയാം അല്ലേ?
കോര്‍പ്പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 5.82 ലക്ഷം കോടി രൂപ നികുതിയിളവ് നല്‍കിയതിനെയും നമ്മുടെ നേതാവ് ഗുരുമൂര്‍ത്തി കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കിയ സര്‍ദാര്‍ജിക്ക് എതിരെ ഇന്ത്യന്‍ എക്സ്പ്രെസില്‍ ലേഖന പരമ്പര എഴുതിയതും ‘ചകാക്കള്‍’ ഇപ്പൊഴും ഓര്‍ത്ത് വച്ചിരിക്കുകയാണ്. ആ കോര്‍പ്പറേറ്റ് അല്ല ഈ കോര്‍പ്പറേറ്റ് എന്ന് കാച്ചാം അല്ലേ? മോദിജി സഹായിക്കുന്നതൊക്കെ വേദനിക്കുന്ന കോടീശ്വരന്‍മാരെയാണെന്നും പറയാം അല്ലേ?
ഞങ്ങള്‍ അവന്മാരെ നേരിടാന്‍ പതിനെട്ടടവും പയറ്റുന്നുണ്ട് മോദിജി, പക്ഷേ….
അട്ടപ്പാടിയുടെ കാര്യം പറഞ്ഞപ്പോള്‍ അതിനെക്കാള്‍ ദയനീയമാണ് ഗുജറാത്തിലടക്കം നമ്മുടെ സംസ്ഥാനങ്ങളിലൊക്കെ എന്ന് മേനക ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞ മറുപടി അതാ വരുന്നു. ഒപ്പം പോഷകാഹാര പദ്ധതിക്കുള്ള ഫണ്ട് വെട്ടിക്കുറച്ച കണക്കും. പിന്നെ നമ്മുടെ മന്ത്രി അട്ടപ്പാടിക്ക് പുറപ്പെട്ടിട്ട് ഒരു കൊല്ലമായിട്ടും എത്തിയിട്ടുമില്ലല്ലോ. ഇനിയിപ്പോ വഴി തെറ്റിയതാവുമോ മോദിജി?
ബീഫിന്‍റെ കാര്യം പറഞ്ഞപ്പോ മോദിജി വന്ന ശേഷം ബീഫ് കയറ്റുമതി ഇരട്ടിയായ കാര്യം അവന്‍മാര്‍ എടുത്തിട്ടു. പോരെങ്കില്‍ ബീഫ് കച്ചവടക്കാരില്‍ നിന്ന് നമ്മള്‍ ഫണ്ട് വാങ്ങിയതിന്റെ ഇലക്ഷന്‍ കമ്മീഷനില്‍ കൊടുത്ത കണക്കും പറഞ്ഞ് ശരിക്കും മാനം കെടുത്തി.
എം.പി. മാരുടെ ശമ്പളം കൂട്ടാന്‍ പോകുന്നതും പാര്‍ലിമെന്റ് കാന്റീനിലെ സബ്സിഡിയും പറഞ്ഞ് പിടിച്ചു നില്‍ക്കാനും കഴിവത് ശ്രമിച്ചു. നമ്മുടെ യോഗി ആദിത്യനാഥനല്ലേ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ കൊടുത്തത്. ഞങ്ങള്‍ വെട്ടിലായിപ്പോയി. ‘ചകാക്കള്‍’ മാത്രമാണു ശമ്പളം സ്വയം കൂട്ടരുതെന്ന നിലപാട് എടുത്തത്. പിന്നെ വേറൊരു കാര്യം ഈ ‘ചകാക്കളായ’ എം.പി.മാരുടെ ശമ്പളം അവരുടെ പാര്‍ട്ടിക്കാണ്. പാര്‍ട്ടി കൊടുക്കുന്ന ചെറിയ വേതനം കൊണ്ട് ജീവിക്കുന്നവരാണ് ‘ചകാക്കളായ’ എം.പി. മാര്‍. മോദിജിയും നമ്മുടെ ആളുകളും എങ്ങനെയാ? ശമ്പളം മുഴുവന്‍ പാര്‍ട്ടിക്ക് കൊടുക്കുമോ അതോ സ്വന്തം കീശയിലാക്കുമോ? പിന്നെ മോദിജി ഒരു ദിവസം പാര്‍ലിമെന്റ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതു വലിയ വാര്‍ത്തയായിരുന്നല്ലോ. എങ്ങനെയാ സബ്സിഡിയിലാണോ അതോ ഓസിനാണോ ഫുഡ് അടിച്ചത്. ( ഇത് ചകാക്കളോട് പറയാനല്ല അറിഞ്ഞിരിക്കാന്‍ ചോദിച്ചതാ)
മുപ്പത്തിനാല് വര്‍ഷം ഭരിച്ച ബംഗാളില്‍ തോറ്റ കാര്യം പറഞ്ഞപ്പോ മോദിജി ഒന്നര വര്‍ഷം ഭരിച്ചപ്പോഴേക്കും ദല്‍ഹി, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, യു.പി, എന്നിങ്ങനെ ഇക്കാലയളവില്‍ തെരഞ്ഞെടുപ്പ് നടന്ന സ്ഥലത്തൊക്കെ നിങ്ങള്‍ തോറ്റത് എന്തേ എന്ന് ചോദ്യം. ഞങ്ങളും അപ്പോഴാ അത് ആലോചിച്ചത്. എന്താ മോദിജി ഒന്നരക്കൊല്ലം കൊണ്ട് നമ്മളിങ്ങനെ തോല്‍ക്കാന്‍ തുടങ്ങിയത്.? ഇതിനൊക്കെ ഒരു മറുപടി ഉടന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം ഇറ്റാലിയന്‍ കടല്‍ക്കൊലക്കാര്‍ക്ക് അച്ഛെ ദിന്‍ വരുന്ന തീയതി കൂടി അറിയിക്കാന്‍ മറക്കരുത്.’ചകാക്കള്‍ക്ക്’ ചുട്ട മറുപടി കൊടുക്കാനാ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News