സൗദി തലവെട്ടിയവരില്‍ ഷിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറും ഭീകരനേതാവ് ഫാരിസ് അല്‍ സഹ്‌റാനിയും; കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് ഇരയായത് 151പേര്‍

റിയാദ്: ഭീകരവാദക്കുറ്റത്തിനും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനും സൗദി അറേബ്യ തലവെട്ടി വധശിക്ഷ നടപ്പാക്കിയവരില്‍ പ്രമുഖ ഷിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറും ഭീകരവാദി നേതാവ് ഫാരിസ് അല്‍ സഹ്‌റാനിയും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിനാണ് നിമര്‍ അല്‍ നിമറിന്റെ ശിക്ഷ. കിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നിമറിന്റെ വധശിക്ഷ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീം കോടതി ശരിവച്ചത്. നിമറിന്റെ ശിക്ഷ നടപ്പാക്കുന്നതില്‍ ഇറാന്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.

2004 മുതല്‍ തടവില്‍ കഴിയുകയായിരുന്നു ഫാരിസ് അല്‍ സഹ്‌റാനി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു യെമന്‍ അതിര്‍ത്തിയില്‍നിന്നായിരുന്നു സഹ്‌റാനി അറസ്റ്റിലായത്. സൗദിയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരനാണ് സഹ്‌റാനി. നിരവധി ആയുധങ്ങളുമായായിരുന്നു സഹ്‌റാനി അറസ്റ്റിലായത്. ശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഒരാള്‍ ഈജിപ്തുകാരനും ഒരാള്‍ ഛാഡുകാരനുമാണ്. ഇവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിച്ച കേസിലെ പ്രതികളാണ്.

സൗദി സ്റ്റേറ്റ് ടെലിവിഷനാണ് വധശിക്ഷ നടപ്പാക്കിയ കാര്യം പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം 151 പേരെ സൗദി വധശിക്ഷയ്ക്കു വിധേയമാക്കിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത സൗദി തന്നെ വെളിപ്പെടുത്തിയത്. രണ്ടു ദിവസത്തിലൊരിക്കല്‍ ഒരാളെന്ന നിലയിലാണ് കഴിഞ്ഞവര്‍ഷം ശിക്ഷ നടപ്പാക്കപ്പെട്ടത്. ഇരുപതു വര്‍ഷത്തിനിടെ ഇത്രയും അധികം ആളുകളെ വധശിക്ഷയ്ക്കു വിധേയമാക്കിയതും കഴിഞ്ഞവര്‍ഷമാണ്. 1995-ലായിരുന്നു ഇതിനുമുമ്പ് കൂടുതല്‍ പേരുടെ വധശിക്ഷ നടപ്പാക്കിയത്. 192 പേരാണ് ആ വര്‍ഷം വിവിധ കുറ്റങ്ങളില്‍ പരമോന്നത ശിക്ഷയ്ക്കു വിധേയമായത്.

കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്കു വിധേയരായവരില്‍ 63 പേര്‍ മയക്കുമരുന്നുകേസുകളില്‍ അറസ്റ്റിലായവരാണ്. ഇതില്‍ 45 പേരും വിദേശികളും. ഇറാനില്‍ ഇതിലധികം പേരെ വര്‍ഷാവര്‍ഷം വധശിക്ഷയ്ക്കു വിധേയമാക്കുന്നുണ്ടെങ്കിലും കാലാകാലമായി സൗദിയിലെ ശിക്ഷകളാണ് വിവാദമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News