മുഷ്താഖ് അലി ട്രോഫി ട്വന്റി-20; കേരളത്തിന് വിജയത്തുടക്കം; ജമ്മു കശ്മീരിനെ 5 വിക്കറ്റിന് തോല്‍പിച്ചു

കൊച്ചി: സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കേരളം വിജയത്തോടെ തുടങ്ങി. ജമ്മു-കശ്മീരിനെ അഞ്ചുവിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 127 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു പന്തുകള്‍ ശേഷിക്കെ കേരളം മറികടന്നു. വൈസ് ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ അര്‍ധസെഞ്ചുറിയാണ് കേരളത്തിന് ജയമൊരുക്കിയത്. പ്രേം 54 പന്തില്‍ 59 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതാണ് പ്രേമിന്റെ ഇന്നിംഗ്‌സ്. റൈഫി വിന്‍സന്റ് ഗോമസ് 22 പന്തില്‍ 22 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ടോസ് നേടിയ കേരളം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ആദില്‍ റെഷിയെ പൂജ്യത്തിന് പുറത്താക്കി സന്ദീപ് വാര്യര്‍ ജമ്മുവിന് ആഘാതം നല്‍കി. എന്നാല്‍, പിന്നീടു വന്ന ബന്‍ദീപ് സിംഗിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ അഹ്മദ് ബണ്ടി ജമ്മുവിനെ മുന്നോട്ടു നയിച്ചു. 24 റണ്ണെടുത്ത ബണ്ടിയും 37 റണ്‍സെടുത്ത് ബന്‍ദീപും പുറത്തായതോടെ ജമ്മു അല്‍പമൊന്നു പതറി. 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പര്‍വേസ് റസൂല്‍ മാത്രമാണ് പിന്നീട് ജമ്മു നിരയില്‍ ചെറുത്തുനിന്നത്. സെയ്ദ് സാഗര്‍ പൂജ്യത്തിനും മാന്‍ഹാസ് രണ്ടു റണ്‍സെടുത്തും പുറത്തായി. കേരളത്തിനായി റൈഫി രണ്ടും, സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍, ജഗദീഷ് എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.

നാളെ രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. രാജസ്ഥാന്‍ ഇന്ന് യുവരാജ് സിങ്ങ് ഉള്‍പ്പെടുന്ന പഞ്ചാബിനെ തോല്‍പ്പിച്ചിരുന്നു. 2013ല്‍ സെമി ഫൈനലില്‍ കടന്നതാണ് സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here