ഇറാനെ വെല്ലുവിളിച്ചു സൗദി; ഷിയാ നേതാവിന്റെ തലവെട്ടിയതിന് പിന്നാലെ യെമനില്‍ സൗദി ആക്രമണം പുനരാരംഭിക്കുന്നു; വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍

റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്കെതിരായ വെടിനിര്‍ത്തല്‍ സൗദിയും സഖ്യ രാജ്യങ്ങളും പിന്‍വലിച്ചു. ഹൂതി വിമതര്‍ വെടനിര്‍ത്തല്‍ ലംഘനം പതിവാക്കിയ സാഹചര്യത്തിലാണ് വെടിനിര്‍ത്തലില്‍നിന്നു പിന്മാറുന്നതെന്നു സൗദി അറിയിച്ചു. സൗദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ എസ്പിഎയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 15നാണ് വെടിനിര്‍ത്തല്‍ നിലവില്‍വന്നത്.

ഇറാന്റെ കടുത്ത പ്രതിഷേധത്തിനിടെ ഷിയാ പ്രമുഖന്‍ നിമര്‍ അല്‍ നിമര്‍ അടക്കമുള്ള 47 പേരെ തലവെട്ടിക്കൊന്നതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ സൗദി തീരുമാനിച്ചത്. ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതാണ് രണ്ടു നടപടികളുമെന്നാണ് രാജ്യാന്തര വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇറാന്റെ പിന്തുണയുള്ള വിമതരാണ് ഹൂതി വിമതര്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സൗദി സേനയ്ക്കു നേരെ ഹൂതികള്‍ നിരന്തരം ആക്രമണം നടത്തിയതാണു വെടിനില്‍ത്തല്‍ നിര്‍ത്താന്‍ സൗദിയെ പ്രേരിപ്പിച്ചത്.

സൗദി പട്ടണങ്ങളും സൗദി സൈനിക സന്നാഹങ്ങളുമാണ് ഹൂതി വിമതര്‍ ലക്ഷ്യമിടുന്നത്. ഇന്നു യെമനില്‍നിന്നു ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി അവകാശപ്പെട്ടുകൊണ്ടാണ് വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്‍മാറുന്നതായി സൗദി വ്യക്തമാക്കിയത്. വ്യാഴാഴ്ച ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സൗദി അതിര്‍ത്തിയില്‍ രണ്ടു കുട്ടികള്‍ അടക്കം മൂന്നു പേര്‍ മരിച്ചതായാണ് സൗദിയുടെ വാദം.

സൗദിയുടെ നടപടികള്‍ക്കു വന്‍ വില നല്‍കേണ്ടിവരുമെന്നു ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്നുതന്നെയാണ് ഇറാന്റെ പിന്തുണയുള്ള ഷിയാ പ്രമുഖന്‍ നിമര്‍ അല്‍ നിമറിനെ സൗദി തലവെട്ടിക്കൊന്നത്. കിഴക്കന്‍ സൗദിയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം നടത്തിയതിനാണ് നിമറിനെ അറസ്റ്റ് ചെയ്തത്. നിമറിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ഇറാന്‍ ഔദ്യോഗികമായി സൗദിയോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here