സിപിഐയുടെ മുതിര്‍ന്ന നേതാവ് എബി ബര്‍ദ്ദന്‍ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ജിബി പന്ത് ആശുപത്രിയില്‍; സംസ്‌കാരം തിങ്കളാഴ്ച ദില്ലിയില്‍

ദില്ലി: സിപിഐയുടെ മുതിര്‍ന്ന നേതാവ് എബി ബര്‍ദ്ദന്‍ അന്തരിച്ചു. ദില്ലിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. കുറച്ച് ദിവസങ്ങളായി ദില്ലി ജിബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകുന്നേരത്തോടെ ബര്‍ദ്ദന്റെ ആരോഗ്യനില കൂടുതല്‍ മോശമായി. മരുന്നുകളോട് ബര്‍ദ്ദന്റെ ശരീരം വൈകിട്ടുമുതല്‍ പ്രതികരിച്ചിരുന്നില്ല. ഇക്കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചു. രാത്രി എട്ടേകാലോടെ മരണം സംഭവിച്ചു.

മൃതദേഹം നാളെയും മറ്റന്നാളും ദില്ലിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ദില്ലിയില്‍ സംസ്‌കരിക്കും. നിഗംബോധ് ഘട്ടിലെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് തളര്‍ച്ചയെ തുടര്‍ന്ന് ബര്‍ദ്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തിന്റെ ഒരുവശം പൂര്‍ണമായി തളര്‍ന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

1924 സെപ്റ്റംബര്‍ 24ന് ബംഗ്ലാദേശിന്റെ ഭാഗമായ സില്ലറ്റ് ജില്ലയില്‍ ബര്‍ദ്ദന്‍ ജനിച്ചു. അര്‍ധേന്ദു ഭൂഷണ്‍ ബര്‍ധാന്‍ എന്നാണ് മുഴുവന്‍ പേര്. 1940ല്‍ എബി ബര്‍ദ്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. മഹാരാഷ്ട്രയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 1957ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി ആയിരുന്നു വിജയം.

1967ലും 1980ലും നാഗ്പൂരില്‍ നിന്ന ലോക്‌സഭയിലേക്ക് മത്സരിച്ചു. എന്നാല്‍ ജയിക്കാനായില്ല. 1990കളില്‍ ദില്ലി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. 1996ല്‍ സിപിഐ യുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രജിത് ഗുപ്തയ്ക്ക് ശേഷമാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. എഐടിയുസിയുടെ പ്രസിഡന്റം ജനറല്‍ സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ചു. എബി ബര്‍ദ്ദന്റെ ഭാര്യ നേരത്തെ മരണപ്പെട്ടു. ഒരു മകനും മകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News