എബി ബര്‍ദ്ദന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; വര്‍ഗീയത തലപൊക്കുമ്പോള്‍ ബര്‍ദ്ദന്റെ വാക്കുകള്‍ പ്രസക്തമെന്ന് സിപിഐഎം; ശരിയ്ക്ക് വേണ്ടി പോരാടിയ നേതാവെന്ന് എകെ ആന്റണി

ദില്ലി/തിരുവനന്തപുരം: സിപിഐയുടെ മുതിര്‍ന്ന നേതാവ് എബി ബര്‍ദ്ദന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. രാജ്യത്ത് വര്‍ഗീയത തലപൊക്കുമ്പോള്‍ എബി ബര്‍ദ്ദന്റെ വാക്കുകള്‍ പ്രസക്തമാണ് എന്ന് സിപിഐം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബര്‍ദ്ദന്‍ ഉയര്‍ത്തിയ പോരാട്ടങ്ങള്‍ തുടരുമെന്നും സിപിഐഎം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തെ ഇടത് മതനിരപേക്ഷ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് എബി ബര്‍ദ്ദന്റെ വേര്‍പാടിലൂടെ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ഉത്തമ മാതൃകയായിരുന്നു ബര്‍ദ്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോജിച്ച പ്രവര്‍ത്തനത്തിന് ബര്‍ദ്ദന്‍ ദിശാബോധം നല്‍കിയെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇതിഹാസ നായകരില്‍ ഒരാള്‍ ആയിരുന്നു എബി ബര്‍ദ്ദന്‍ എന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. അവസാന ശ്വാസം വരെ തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനായി പടപൊരുതിയ നേതാവായിരുന്നു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള സാഹോദര്യ ബന്ധം വളര്‍ത്തുന്നതില്‍ ബര്‍ദ്ദന്‍ നല്‍കിയ പങ്ക് എന്നും ഓര്‍ക്കും എന്നും പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പരിഹരിക്കാനാവാത്ത നഷ്ടമാണ് സിപിഐയുടെ മുതിര്‍ന്ന നേതാവ് എബി ബര്‍ദ്ദന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. സിപിഐഎമ്മും സിപിഐയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി പ്രയത്‌നിച്ചു. ഇടതുപക്ഷത്തിന്റെ യോജിച്ച പോരാട്ടത്തിനായി എക്കാലവും എബി ബര്‍ദ്ദന്‍ പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു.

ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്കായി അവസാനം വരെ പോരാടിയ വ്യക്തിയാണ് എബി ബര്‍ദ്ദന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി അനുസ്മരിച്ചു.

എബി ബര്‍ദ്ദന്റെ നിര്യാണത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമാണ് എബി ബര്‍ദ്ദന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ബര്‍ദ്ദന്‍ വഹിച്ച പങ്ക് വലുതാണെന്ന് വിഎം സുധീരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടമാണ് എബി ബര്‍ദ്ദന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി അനുസ്മരിച്ചു. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച നേതാവാണ്. കമ്യൂണിസ്റ്റ് ഐക്യം സ്വപ്‌നം കണ്ട നേതാവ്. നഷ്ടം ഇടത് പ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടമാണ്. ദേശീയ തലത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ നയിച്ച നേതാവാണ് എബി ബര്‍ദ്ദന്‍ എന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഐക്യത്തിനായി നിലകൊണ്ട എബി ബര്‍ദ്ദന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News