ചിരിച്ചുകൊണ്ട് വിപ്ലവം നടത്താനാവില്ല; സഖാവേ, ഈ ശബ്ദം എന്നും മുഴങ്ങിക്കേള്‍ക്കും; കാരണം നിങ്ങള്‍ ഒരുജ്ജ്വല ശബ്ദമാണ്

അര്‍ദ്ധേന്തു ഭൂഷണ്‍ ബര്‍ദ്ദന്‍ 1924 സെപ്റ്റംബര്‍ 24ന് പഴയ ബംഗാള്‍ പ്രസിഡന്‍സിയിലെ സിലിഹട്ടില്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു വികാരമായിരുന്നതല്ലാതെ രാഷ്ട്രീയ രൂപമാര്‍ജ്ജിച്ചിരുന്നില്ല. ഒരുവര്‍ഷം കഴിഞ്ഞ് 1925ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ കോണ്‍ഗ്രസ് കാണ്‍പൂരില്‍ സംഭവിച്ചത്. പിന്നീട് 1939ല്‍ പാര്‍ട്ടിക്ക് ഔദ്യഗികമായി സംഘടനാരൂപം വരുമ്പോള്‍ ബര്‍ദ്ദന്‍ സ്‌കൂളില്‍ എഐഎസ്എഫിന്റെ കൊടിപിടിച്ച നേതാവായി മാറിക്കഴിഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല ചരിത്രഘട്ടങ്ങളിലൂടെ വളര്‍ന്ന് പന്തലിച്ച് 1957ല്‍ കേരളത്തില്‍ ഒരു ലോകസംഭവമായി അധികാരമേല്‍ക്കുന്ന അതേ വര്‍ഷം തന്നെയാണ് എബി ബര്‍ദ്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് യുവാവും തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. അമ്പത്തിയേഴില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് ബര്‍ദ്ദന്‍ നാഗ്പൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

ബര്‍ദ്ധന്റെ ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പ് വിജയമായിരുന്നു നാഗ്പൂരിലേത്. 1967ലും 80ലും നാഗ്പൂരില്‍ നിന്ന് ബര്‍ദ്ദന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ജന്മംകൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ട് നാഗ്പൂരുകാരനായ ബര്‍ദ്ദന് അക്കാലത്ത് മഹാരാഷ്ട്രയിലെ തൊഴിലാളി പോരാട്ടങ്ങളിലെ വടവൃക്ഷമായ എസ്എ ഡാങ്കെയായിരുന്നു വഴികാട്ടി.

നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയ ബര്‍ദ്ദന്‍ പാര്‍ട്ടിയുടെ രണ്ടാം തലമുറയില്‍ അവശേഷിക്കുന്ന തലയെടുപ്പുള്ള നേതാവാണ്. സര്‍വ്വകലാശാലയില്‍ നിന്ന് സംയുക്ത മഹാരാഷ്ട്ര സമരമുന്നണിയുടെ തീച്ചൂളയിലേക്കാണ് ബര്‍ദ്ദന്‍ ഇറങ്ങിത്തിരിച്ചത്. തൊഴിലാളിയൂനിയന്‍ പ്രവര്‍ത്തനത്തിനിടെ മൂന്നരവര്‍ഷം ജയിലിലും അത്രയും വര്‍ഷംതന്നെ ഒളിവിലും കഴിയേണ്ടിവന്നിട്ടുണ്ട് ബര്‍ദ്ദന്.

എല്ലാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലും പരാജയമായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലെമെന്റ് പ്രവര്‍ത്തനവും മുന്നണി രാഷ്ട്രീയവും ബര്‍ദ്ദന്റെ കര്‍മ്മ കുശലതയിലൂടെയാണ് ഇന്ത്യയുടെ രാഷ്ട്രീയ തലസ്ഥാനത്ത് നയിക്കപ്പെട്ടിരുന്നതെന്ന് ഇന്ന് എല്ലാവരും സമ്മതിക്കും. പ്രത്യേകിച്ചും ബര്‍ദ്ദന്‍ 1990കളില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ കാലം തൊട്ട്. പിന്നീട് ഇന്ദ്രജിത്ത് ഗുപ്തയ്ക്ക് ശേഷം 1996ലാണ് ബര്‍ദ്ധന്‍ ഉജ്ജ്വലമായൊരു ചരിത്ര പാരമ്പര്യമുള്ള ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടത്.

തൊണ്ണൂറുകളില്‍ പാര്‍ലെമന്റിലുണ്ടായ കമ്മ്യൂണിസ്റ്റ് പ്രാതിനിധ്യം 2007 ആകുമ്പോഴേക്കും ശോഷിച്ചിച്ചു. എങ്കിലും രാഷ്ട്രീയ അടവ് നയങ്ങളിലൂടെ പാര്‍ട്ടിയുടെ ദേശീയമുഖമായി തന്നെ ബര്‍ദ്ദന്‍ വേറിട്ടു നിന്നു. 2007ല്‍ പ്രതിഭാ ദേവിസിംഗ് പാട്ടീലിനെ രാഷ്ട്രപതിയായി നിര്‍ദ്ദേശിച്ചത് എബി ബര്‍ദ്ദനായിരുന്നു. ആണവക്കരാറിന്റെ കാലത്തും മുന്നണി രാഷ്ട്രീയത്തിലും പാര്‍ട്ടി രാഷ്ട്രീയത്തിലും ധീരമായി ഇടപെട്ട ബര്‍ദ്ദന്‍ ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം ആവര്‍ത്തിച്ച് അടയാളപ്പെടുത്തിയ നേതാവാണ്.

സ്വന്തം സ്വഭാവശൈലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് വിപളവം നടത്താനാവില്ലെന്ന് ഒരിക്കല്‍ ബര്‍ദ്ധന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. അതുകൊണ്ടാകണം ശൈലിയിലും ഭാഷയിലും ബര്‍ദ്ദന്‍ എപ്പോഴും പ്രക്ഷോഭിയും പരുക്കനുമായിരുന്നു. പക്ഷേ നിലപാടുകളില്‍ ആ ആജ്ഞാശക്തി എപ്പോഴും പ്രശോഭിച്ചു നിന്നു. അപ്പോഴും രാഷ്ട്രീയത്തില്‍ തലമുറകള്‍ മാറിവരുന്നത് ഏറെ ശ്രദ്ധയോടെയും സന്തോഷത്തോടെയും തിരിച്ചറിഞ്ഞ അപൂര്‍വ്വം പഴയ നേതാക്കളില്‍ ഒരാളായിരുന്നു ബര്‍ദ്ധനെന്ന് നമ്മള്‍ പ്രത്യേകം എടുത്തുപറയണം. തീര്‍ച്ചയായും പ്രൗഡമാണ് ആ ജിവിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel