മുല്ലപ്പെരിയാര്‍; തമിഴ്‌സംഘടനകളുടെ വഴിതടയല്‍ സമരം ഇന്ന്; സമരത്തിന് അനുമതി നല്‍കില്ലെന്ന് പൊലീസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന്റെ നിലപാടിനെതിരേ തമിഴ്‌സംഘടനകളുടെ വഴിതടയല്‍ സമരം ഇന്ന്. ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിറുത്തണമെന്നാവശ്യപ്പെട്ടാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ കേരളാ- തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നത്.

ഫോര്‍വേഡ് ബ്ലോക്ക്, വിടുതലൈ ചിരുതൈകള്‍ കക്ഷി, തമിഴ്‌നാട് ദേശീയ ഇയക്കം, കേരളാ തമിഴ് കൂട്ടമയ്പ്പ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ 10 മുതല്‍ ഗൂഢല്ലൂരിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്. ഈ സമയം ഇതുവഴി കടന്നുപോകുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി, ആര്‍.ടി.ഒ, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ 27ന് ഗൂഢല്ലൂരില്‍ ഉപവാസസമരം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശബരിമല സീസണായതിനാല്‍ സമരത്തിന് തമിഴ്‌നാട് പൊലീസ് അനുമതി നല്‍കിയില്ല. ഇന്ന് നടക്കുന്ന സമരത്തിനും അനുമതി ലഭിച്ചില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അനുമതി ലഭിച്ചില്ലെങ്കിലും സമരം നടത്തുമെന്ന നിലപാടില്‍ തന്നെയാണ് സംഘാടകര്‍.

അതേസമയം, വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലപാടിനെതിരെ ഇടുക്കി എഐഎഡിഎംകെ. നേതൃത്വം രംഗത്തെത്തി. പ്രശ്‌നങ്ങള്‍ക്കപ്പുറം കേരള ജനതയുടെ സുരക്ഷയാണ് പ്രധാനമെന്ന് ഇടുക്കി ജില്ല സെക്രട്ടറി സുപ്പു റോയല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here