പത്താന്‍കോട്ടില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ കൊല്ലപ്പെട്ടത് മലയാളി സൈനികന്‍; നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം ജന്‍മനാട്ടില്‍ സംസ്‌കരിക്കും; മൃതദേഹം ഇന്നു ദില്ലിയിലെത്തിക്കും

ദില്ലി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെ കൊല്ലപ്പെട്ടത് മലയാളി സൈനികോദ്യോഗസ്ഥന്‍. ലഫ്റ്റനന്റ് കേണല്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി നിരഞ്ജന്‍ ഇ കുമാറാണ് കൊല്ലപ്പെട്ടത്. സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടയിലാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്. നിരഞ്ജന്‍ കുമാറിന്റെ മരണം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിരീകരിച്ചു. മലയാളി ഉദ്യോഗസ്ഥന്റെ മരണത്തില്‍ അനുശോചിക്കുന്നതായി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

നിരഞ്ജന്റെ മൃതദേഹം സ്വദേശമായ എളമ്പുലാശ്ശേരിയില്‍ തന്നെ സംസ്‌കരിക്കും. മൃതദേഹം ഇന്നു വൈകുന്നേരത്തോടെ ദില്ലിയിലെത്തിക്കും. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി നിരഞ്ജന്റെ പിതാവ് ദില്ലിയിലേക്ക് തിരിച്ചു. എളമ്പുലാശ്ശേരിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് എംബി രാജേഷ് എംപി വ്യക്തമാക്കി. ഇതിനു ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. എളമ്പുലാശ്ശേരി പൊതുശ്മശാനത്തിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. തുടര്‍ന്ന് കുടുംബവീട്ടില്‍ സംസ്‌കരിക്കും.

പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി സ്വദേശിയാണ് കൊല്ലപ്പെട്ട നിരഞ്ജന്‍. എന്‍എസ്ജിയില്‍ ലഫ്റ്റനന്റ് കേണല്‍ ആയിരുന്നു അദ്ദേഹം. പത്താന്‍കോട്ടില്‍ ഭീകരാക്രമണം ആരംഭിച്ച ദിവസം മുതല്‍ ബോംബുകളും ഗ്രനേഡുകളും നിര്‍വീര്യമാക്കുന്ന സംഘത്തില്‍ സജീവമായിരുന്നു. ഇതിനിടയിലാണ് അവിചാരിതമായി ഗ്രനേഡ് പൊട്ടിത്തെറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here