സമാധാന സന്ദേശം പകര്‍ന്ന് സൈക്കിള്‍ റാലി നടത്തുകയായിരുന്ന മൂന്നു വിദ്യാര്‍ത്ഥികളെ നക്‌സലുകള്‍ തട്ടിക്കൊണ്ടു പോയി; തട്ടിക്കൊണ്ടുപോയത് പുണെയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ

റായ്പൂര്‍: സമാധാനത്തിന്റെ സന്ദേശം പകര്‍ന്ന് സൈക്കിള്‍ റാലി നടത്തുകയായിരുന്ന പുണെയില്‍ നിന്നുള്ള മൂന്നു വിദ്യാര്‍ത്ഥികളെ നക്‌സലുകള്‍ തട്ടിക്കൊണ്ടു പോയി. ഛത്തീസ്ഗഢിലെ ബൈജാപൂര്‍ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്രയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ബൈജാപൂരിലെ ബസഗുഡ. ഇവിടത്തെ വനപ്രദേശത്തുനിന്നാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. നക്‌സലുകളാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ഏതാനും ദിവസം മുമ്പ് കുത്രു എന്ന സ്ഥലത്തു വച്ചാണ് മൂന്നു പേരെയും ആളുകള്‍ അവസാനമായി കണ്ടതെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്ആര്‍പി കല്ലൂരി പറഞ്ഞു.

തുടക്കത്തില്‍ ലഭ്യമായ വിവരം വച്ച് ആദര്‍ശ് പാട്ടീല്‍, വിലാസ് വലാകെ, ശ്രീകൃഷ്ണ ശിവേല്‍ എന്നീ മൂന്നു പേരെയാണ് കാണാതായത്. മൂന്നു പേരും ഭാരത് ജോഡോ അഥവാ ഇന്ത്യയെ ബന്ധിപ്പിക്കൂ എന്ന സന്ദേശവുമായി സമാധാനം പ്രചരിപ്പിക്കാന്‍ സൈക്കിള്‍ റാലി നടത്തുകയായിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുകയായിരുന്നു ഉദ്ദേശം. നക്‌സലുകളുടെ ശല്യം രൂക്ഷമായ സംസ്ഥാനങ്ങളാണ് മൂന്നും.

പുണെയില്‍ നിന്ന് ഡിസംബര്‍ 20നാണ് മൂവരും യാത്ര ആരംഭിച്ചത്. മഹാരാഷ്ട്രയിലെയും ഛത്തീസ്ഗഢിലെയും ഏതാനും സ്ഥലങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഒഡീഷയിലെ ബലാമിലയില്‍ ജനുവരി 10ന് യാത്ര അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. തട്ടിക്കൊണ്ടു പോകലിനെ പറ്റി കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൂവരെയും കണ്ടെത്താനായി സുരക്ഷാ സൈനികരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ബന്ധുക്കളുമായും ഇന്റലിജന്‍സ് അടുത്ത ബന്ധം പുലര്‍ത്തി വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News