പത്താന്‍കോട്ടില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായി കേന്ദ്രം; നാലു ഭീകരരെ വധിച്ചു; രണ്ടു പേരെ കീഴ്‌പ്പെടുത്താന്‍ ശ്രമം തുടരുന്നു; ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ തൊയ്ബയും

ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ഓപ്പറേഷന്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. ആറു ഭീകരരില്‍ നാലുപേരെയാണ് ഇതുവരെ വധിക്കാനായത്. ശേഷിക്കുന്ന രണ്ടുപേരെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി എയര്‍ഫോഴ്‌സ് ഡിജിയും സ്ഥിരീകരിച്ചു. താവളത്തിലെ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ് ഭീകരര്‍ എന്നാണ് സൂചന. ഇന്നു രാവിലെയാണ് രണ്ടു പേര്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കീഴ്‌പ്പെടുത്താനുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.

അതേസമയം, ഏഴു ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി പറഞ്ഞു. ആറു എയര്‍ഫോഴ്‌സ് കമാന്‍ഡോകളും ഒരു എന്‍എസ്ജി കമാന്‍ഡോയുമാണ് കൊല്ലപ്പെട്ടത്. സംഭവം ഭീകരാക്രമണം തന്നെയാണന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. തീവ്രവാദ സംഘങ്ങളായ ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയ്ബയുമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. എത്ര പേര്‍ ബാക്കിയുണ്ടെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാനാകാത്ത സ്ഥിതിയാണ്. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ ആഘാതം കുറയ്ക്കാനായെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. എയര്‍ഫോഴ്‌സിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

അതേസമയം, ഭീകരാക്രമണക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണച്ചുമതല ഔദ്യോഗികമായി നാളെയാണ് എന്‍ഐഎ ഏറ്റെടുക്കുക. ഐജി അലോക് മിത്തലിനാണ് അന്വേഷണച്ചുമതല. എന്‍ഐഎയുടെ എട്ടംഗസംഘം കേസ് അന്വേഷിക്കുക. അതിനിടെ രണ്ടു ഭീകരര്‍ ദില്ലിയിലേക്ക് കടന്നെന്ന് രഹസ്യാന്വേഷണം വിഭാഗത്തിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐബി മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിലേക്ക് കൂടുതല്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സൈന്യത്തിന്റേയും പൊലീസിന്റേയും പ്രത്യേക ദൗത്യസേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. തെരച്ചിലില്‍ എകെ 47 റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, ഗ്രനേഡ്, ജിപിഎസ് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു.

ഭീകരാക്രമണത്തെ യുഎസ് അപലപിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കുചേരുമെന്ന് യുഎസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ആസൂത്രണം നടന്നത് പാക്കിസ്ഥാനിലെന്നും സൂചന ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ തലേ ദിവസം പത്താന്‍കോട്ടില്‍ നിന്നും നാലു തവണ തീവ്രവാദികള്‍ പാക്കിസ്ഥാനിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

ഇതിനിടെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കെ.കെ രഞ്ജിത്ത് ഭീകരാക്രമണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ചോദ്യംചെയ്യുന്നതിന് വേണ്ടി രഞ്ജിത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കസ്റ്റഡി കാലാവധി തിങ്കളാഴ്ചവരെ നീട്ടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News