ബാഴ്‌സലോണയെ എസ്പാന്യോള്‍ സമനിലയില്‍ തളച്ചു; ഒറ്റഗോളിന്റെ ജയത്തോടെ ബാഴ്‌സയെ പിന്തള്ളി അത്‌ലറ്റികോ മാഡ്രിഡ് ലീഗില്‍ ഒന്നാമത്

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന സമനില. എസ്പാന്യോളാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഗോളൊന്നുമടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. മെസ്സിയും സുവാരസും നെയ്മറും അണിനിരന്നിട്ടും എസ്പാന്യോളിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ബാഴ്‌സയ്ക്കായില്ല. അതേസമയം, ലെവന്റോയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് അത്‌ലറ്റികോ മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഒരുവര്‍ഷത്തിനിടെ ആദ്യമായാണ് ലാലിഗയില്‍ ബാഴ്‌സ സമനില വഴങ്ങുന്നത്.

എസ്പാന്യോളിനെതിരെ ബാഴ്‌സയ്ക്ക് തങ്ങളുടെ നിലവിലെ ഫോം നിലനിര്‍ത്താനായിരുന്നില്ല. ബാഴ്‌സയുടെ ആക്രമണനിരയെ തടഞ്ഞു നിര്‍ത്തുന്നതില്‍ എസ്പാന്യോളിന്റെ പ്രതിരോധം വിജയിക്കുകയും ചെയ്തു. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് 25 അടി അകലെ നിന്നുള്ള മെസ്സിയുടെ ഒരു ലോങ് റേഞ്ചര്‍ ക്രോസ്ബാറില്‍ ഇടിച്ച് മടങ്ങി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ സുവാരസ് നേടിയ ഒരു ഗോള്‍ പക്ഷേ ഓഫ് സൈഡ് വലയിലും കുരുങ്ങി.

ലെവന്റേയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റികോ മാഡ്രിഡ് തകര്‍ത്തത്. 81-ാം മിനുട്ടില്‍ ടെയി പാര്‍ട്ടിയാണ് അത്‌ലറ്റികോയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയെ പിന്തള്ളി അത്‌ലറ്റികോ മുന്നിലെത്തുകയും ചെയ്തു. ബാഴ്‌സയേക്കാള്‍ രണ്ടു പോയിന്റ് വ്യത്യാസത്തിലാണ് അത്‌ലറ്റികോ മുന്നിലെത്തിയത്. അത്‌ലറ്റികോയേക്കാള്‍ ഒരു മത്സരം കുറവാണ് ബാഴ്‌സ കളിച്ചിട്ടുള്ളത്. 18 മത്സരങ്ങളില്‍ നിന്ന് ്ത്‌ലറ്റികോയ്ക്ക് 41 പോയിന്റുണ്ട്. 17 മത്സരം വീതം കളിച്ച ബാഴ്‌സയ്ക്ക് 39 പോയിന്റും റയലിന് 36 പോയിന്റും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News