മലയാള സിനിമയില്‍ വീണ്ടും പുറത്താക്കല്‍ നടപടി; രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ മീഡിയയെയും പുറത്താക്കി; വഴിയെ പോകുന്നവരെ ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് കമല്‍

കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ മീഡിയെയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. ചിത്രീകരണം നിറുത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അനുസരിക്കാതെ വര്‍ദ്ധിപ്പിച്ച കൂലി കൊടുത്ത് ചിത്രീകരണം ആരംഭിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. സംവിധായകന്‍ രഞ്ജിത്തിന്റെ ക്യാപ്പിറ്റോള്‍ സിനിമയെയും ബാഹുബലി വിതരണക്കാര്‍ ഗ്ലോബല്‍ മീഡിയയെയുമാണ് സംഘടനയില്‍ നിന്ന് പുറത്താക്കിയത്.

33 ശതമാനം വേതന വര്‍ധന വേണമെന്നാണ് ഫെഫ്കയുടെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതിനു മുമ്പായി ഫെഫ്കയുടെ നേതൃത്വത്തില്‍ ഏതാനും സിനിമാ നിര്‍മാതാക്കളില്‍ നിന്നും അധിക തുക ഈടാക്കിയിരുന്നു. ഈ തുക തിരിച്ചു നല്‍കാതെ ഫെഫ്കയുമായി സഹകരണവും പാടില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയുടെ ചിത്രീകരണം കോഴിക്കോട്ടും രാജീവ് രവിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിലും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജയരാജിന്റെ പുതിയ ചിത്രം അഞ്ചിനും സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 11നും ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ഇതാണ് നിര്‍മ്മാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്.

അതിനിടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്തെത്തി. വഴിയെ പോകുന്നവരെ ഉപയോഗിച്ച് സിനിമ ചിത്രീകരിക്കാന്‍ കഴിയില്ലെന്നും സാങ്കേതിക വിദഗ്ധരെ തീരുമാനിക്കുന്നത് സംവിധായകനാണെന്നും കമല്‍ പറഞ്ഞു. മാക്ട എന്ന സംഘടന സിനിമയില്‍ ഇല്ലെന്നും ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും കമല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News